ബ്രഹ്മപുരം തീപ്പിടിത്തത്തിന് കാരണം കൊച്ചി കോര്‍പറേഷന്റെ അനാസ്ഥ; അഗ്‌നിരക്ഷാസേനയുടെ റിപോര്‍ട്ട് പുറത്ത്

Update: 2023-03-10 05:12 GMT

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തിന് കാരണം കൊച്ചി കോര്‍പറേഷന്റെ അനാസ്ഥയാണെന്ന് അഗ്‌നിരക്ഷാസേന. ജില്ലാ കലക്ടര്‍ക്ക് അഗ്‌നിരക്ഷാസേന നല്‍കിയ റിപോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. തീപ്പിടിത്ത സാധ്യതയുണ്ടെന്ന് കോര്‍പറേഷന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് മാലിന്യങ്ങള്‍ക്കിടയിലേക്ക് കടക്കാനായില്ല. അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ലഭ്യമാവാന്‍ തടസ്സമുണ്ടായി. മാലിന്യം ഇളക്കിമാറ്റി തീയണയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇവിടെയില്ല. പ്ലാന്റിലെ ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പ്ലാന്റുകളില്‍ മതിയായ സുരക്ഷാസംവിധാനമില്ലായിരുന്നു. ബ്രഹ്മപുരത്തെ 110 ഏക്കര്‍ മാലിന്യപ്ലാന്റിലെ സുരക്ഷ കോര്‍പറേഷന്‍ കുട്ടിക്കളിയാക്കിയതാണ് സ്ഥിതി വഷളാക്കിയത്. അപകട സാഹചര്യം നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യം പോലും പ്ലാന്റില്‍ കോര്‍പറേഷന്‍ ഒരുക്കിയില്ല. ഉദ്ദേശം 50 ഏക്കര്‍ വരുന്ന മാലിന്യശേഖരത്തില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് കടക്കാന്‍ പോലും വഴിയില്ല. അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ലഭ്യമാവാന്‍ തടസമുണ്ടായി.

അഗ്‌നി പ്രതിരോധ സംവിധാനങ്ങള്‍ പ്ലാന്റില്‍ സ്ഥാപിച്ചിട്ടില്ല. പ്ലാന്റിന് അടുത്തുള്ള കടമ്പ്രയാറില്‍ കടക്കാനാവാതെ മതില്‍ കെട്ടി അടച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാലിന്യപ്ലാന്റില്‍ അടിക്കടി തീപ്പിടിത്തമുണ്ടാവുന്നുണ്ട്. വിഷപ്പുക ശ്വസിച്ച് അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. തീപ്പിടിത്തം ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും കോര്‍പറേഷന്‍ പാലിച്ചില്ലെന്നും ജില്ലാ ഫയര്‍ ഓഫിസര്‍ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Tags:    

Similar News