ഹര്‍ത്താല്‍ മറവിലെ മാധ്യമ വേട്ട: സംഘ്പരിവാര്‍ നേതൃത്വത്തെ ബഹിഷ്‌ക്കരിച്ച് അച്ചടി ദൃശ്യ മാധ്യമങ്ങള്‍

ഹര്‍ത്താല്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ കൈരളിയുടെ വനിതാ ക്യാമറാവുമണ്‍ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. പലയിടങ്ങളിലും ചില സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു.

Update: 2019-01-04 07:11 GMT
കോഴിക്കോട്: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഘ് പരിവാരത്തെ ബഹിഷ്‌ക്കരിച്ച് പ്രമുഖ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍. ഹര്‍ത്താല്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ കൈരളിയുടെ വനിതാ ക്യാമറാവുമണ്‍ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. പലയിടങ്ങളിലും ചില സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു.


മാധ്യമ പ്രവര്‍ത്തകരുടെ ബഹിഷ്‌ക്കരണം

മാധ്യപ്രവര്‍ത്തകരുടെ സംഘടനയായ കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂനിയന്‍ (കെയുഡബ്ല്യുജെ) ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ചിരുന്നു. കൂടാതെ, കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വാര്‍ത്താ സമ്മേളനവും ബഹിഷ്‌ക്കരിച്ച് കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരും കെ പി ശശികലക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ച് കോട്ടയം പ്രസ് ക്ലബും പിഎസ് ശ്രീധരന്‍പിള്ളയുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌ക്കരിച്ച് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.

സംഘ്പരിവാര്‍ നേതാക്കളെ ഒഴിവാക്കി ചാനലുകളും

തൊട്ടുപിന്നാലെ ചാനലുകളും ഈ ബഹിഷ്‌ക്കരണം തുടര്‍ന്നു. ഹര്‍ത്താല്‍ അക്രമങ്ങളെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച പ്രൈംടൈം ചര്‍ച്ചയില്‍നിന്നാണ് ഇവരെ ഒഴിവാക്കിയത്. എഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍, മാതൃഭൂമി ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകളാണ് സംഘ്പരിവാര്‍ നേതൃത്വത്തെ ബഹിഷ്‌ക്കരിക്കാന്‍ ആര്‍ജ്ജവം കാണിച്ചത്. സ്‌പെഷ്യല്‍ എഡിഷന്‍ എന്ന െ്രെപം ടൈം ചര്‍ച്ചയില്‍ തങ്ങള്‍ ബിജെപിആര്‍എസ്എസ് നേതാക്കളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തന്നെയാണ് മീഡിയാ വണ്‍ ചര്‍ച്ച ആരംഭിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് കെയുഡബ്ല്യൂജെ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.





Tags:    

Similar News