യുപിയില്‍ മുസ്‌ലിം ഗൃഹനാഥനെ മര്‍ദ്ദിച്ചുകൊന്ന കേസ്: ബിജെപി നേതാവ് ഉള്‍പ്പെടെ 21 പേര്‍ അറസ്റ്റില്‍

Update: 2022-09-09 06:11 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ഗൃഹനാഥനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 21 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് മുസ്‌ലിം ഗൃഹനാഥനായ മുസ്തകീമി (55) നെ ബിജെപി നേതാവും പ്രദേശിക മുനിസിപ്പാലിറ്റിയുടെ തലവനുമായ അശോക് കുമാര്‍ ജയ്‌സ്വാളും കൂട്ടാളികളും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മാരകമായി പരിക്കേറ്റ മുസ്തകീം പിന്നീട് മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിജെപി നേതാവുള്‍പ്പെടെ 21 പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിലായ കൂട്ടാളികളുടെ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. അശോക് കുമാറിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച മുസ്തകീമിന്റെ ആട് അയല്‍വാസിയായ സന്ദീപിന്റെ വീട്ടിലേക്ക് പോയതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. അന്ന് രാത്രിയില്‍ ജയ്‌സ്വാളും മറ്റുള്ളവരും കത്ര ബസാര്‍ പരിസരത്തുള്ള മുസ്തകീമിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെയടക്കം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് രാജേഷ് ഭാരതി പറഞ്ഞു.

മുസ്‌കീമിന്റെ ഭാര്യ

 ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ മുസ്തകീം മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാരതി പറഞ്ഞു. ആദ്യം 21 പേര്‍ക്കെതിരേ കേസെടുത്തെങ്കിലും ഏഴുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. അപ്രതീക്ഷിത സംഭവങ്ങളുണ്ടാവാതിരിക്കാന്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News