ആശുപത്രിക്കിടക്കകളുടെ ക്ഷാമത്തിന് പിന്നില്‍ അപകടാവസ്ഥയില്ലാത്ത സ്വാധീനശക്തിയുള്ള രോഗികകള്‍ ആശുപത്രി കയ്യടക്കുന്നത്?

Update: 2021-04-27 15:12 GMT

നോയിഡ: ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങൡലെ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാത്തതിനു പിന്നില്‍ ഒരു കാരണം അനര്‍ഹര്‍ ആശുപത്രിക്കിടക്കകള്‍ കയ്യടക്കുന്നതുകൊണ്ടെന്ന് സൂചന. നോയിഡയിലെ ജില്ലാ മജിസ്‌ട്രേറ്ററും മെഡിക്കല്‍ ഓഫിസറും നഗരത്തിലെ ആശുപത്രികളില്‍ നടത്തിയ പരിശോധനയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ നയിക്കുന്നത്.

വെളളിയാഴ്ച നോയിഡയിലെ ജിംസ്, യാഥാര്‍ത്ഥ്, കൈലാഷ്, സര്‍ദ, ജെപി, ഫോര്‍ട്ടിസ്, പ്രകാഷ്, സെക്ടര്‍ 39 കൊവിഡ് ആശുപത്രി, ഇന്‍ഡോ ഗള്‍ഫ്, ജെ ആര്‍ ആശുപത്രി, എസ്ആര്‍എസ് ആശുപത്രി, സൂര്യ, മെട്രോ ആശുപത്രി തുടങ്ങിയ വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 200ഓളം കിടക്കകളാണ് അനര്‍ഹരായ രോഗികള്‍ കയ്യടക്കിയതായി കണ്ടത്. എല്ലാ രോഗികളെയും ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് പറഞ്ഞയച്ചു.

നോയിഡയിലെയും ഗ്രേറ്റര്‍നോയിഡയിലെയും ഗൗതം ബുദ്ധനഗറിലെയും സ്വകാര്യ ആശുപത്രികളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട തരത്തില്‍ ഗുരുതരാവസ്ഥയില്ലാത്തവര്‍ ബെഡുകള്‍ കയ്യടക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് എല്‍ വൈ പിന്നീട് പറഞ്ഞു. അത്തരം രോഗികള്‍ക്ക് കിടക്കകള്‍ നല്‍കിയ ആശുപത്രികള്‍ക്കെതിരേയും നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

രോഗം തീവ്രമല്ലാത്തവര്‍ക്ക് ആശുപത്രി പ്രവേശനം നല്‍കേണ്ടതില്ലെന്നാണ് കൊവിഡ് പ്രോട്ടോകോള്‍ അനുശാസ്സിക്കുന്നത്. എന്നാല്‍ അതീവ സമ്പന്നരും സമൂഹത്തിലെ സ്വാധീനശേഷിയുള്ളവരും ചെറിയ രോഗത്തിനുപോലും ആശുപത്രിക്കിടക്കകള്‍ ഉപയോഗിക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ പ്രവണത കൂടി. എന്തെങ്കിലും കാരണവശാല്‍ ആശുപത്രിയില്‍ ഇടം കിട്ടിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്.

ഡല്‍ഹിയില്‍ ഇത്തരം നിരവധി കേസുകളുണ്ടെന്നും ചില വാര്‍ത്തകള്‍ പറയുന്നു.

ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ആശുപത്രി പ്രവേശനം ലഭിക്കാതെ നിരവധി പേരാണ് കൊവിഡ് ബാധിച്ചും അല്ലാതെയും മരിച്ചുവീഴുന്നത്. യുപിയിലെ അയോധ്യയില്‍ നിന്നുള്ള ദമ്പതിമാര്‍ക്ക് ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് 850 കിലോമീറ്റര്‍ അകലെ 24 മണിക്കൂര്‍ യാത്ര ചെയ്തശേഷം ചികില്‍സ തേടാന്‍ ബംഗാളിലേക്ക് പോകേണ്ടിവന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

Tags: