ബീഫ് പാചകം ചെയ്‌തെന്നാരോപിച്ച് മുസ്‌ലിം വൃദ്ധകളെ ആക്രമിച്ച് തട്ടുകട കത്തിച്ചു
പാചകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണങ്ങള്‍ നശിപ്പിക്കുകയും സ്റ്റൗവും ഗ്യാസ് സിലിണ്ടറും തട്ടിത്തെറിപ്പിക്കുകയും പ്ലാസ്റ്റിക് ടാര്‍പോളിന്‍ കൊണ്ട് മൂടി സ്റ്റാള്‍ കത്തിക്കുകയുമായിരുന്നു
കാര്‍ത്തിക്(24), ദീപു(21), പ്രതാപ്(29), രഘു(20) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടതിയില്‍ ഹാജരാക്കി നാലുപേരെ റിമാന്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാവാത്തയാളെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പിന് കൈമാറുകയും ചെയ്തു. കാര്‍ത്തിക്ക് ബജ്‌റംഗ്ദളിന്റെ പ്രാദേശിക നേതാവാണെന്നു പോലിസ് പറഞ്ഞു. സക്ലേശ്പൂര്‍ പോലിസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, സ്ത്രീകളുടെ തട്ടുകടയില്‍ ബീഫ് പാചകം ചെയ്തിരുന്നില്ലെന്ന് ഹാസന്‍ ജില്ലാ പോലിസ് സൂപ്രണ്ട് എ എന്‍ പ്രകാശ് ഗൗഡ പറഞ്ഞു. പ്രതികള്‍ക്കെതിരേ ഐപിസി 354, 323, 506, 143, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കലാപശ്രമം, മനപൂര്‍വം പരിക്കേല്‍പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ സംഘം ചേരല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വകുപ്പുകളാണ് പ്രയോഗിച്ചിട്ടുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 31നു വൈകീട്ട് മൂന്നിനു ആളുകള്‍ നോക്കിനില്‍ക്കെയാണ് ആക്രമണം. ഈസമയം സഹോദര ഭാര്യ ഷമീമിനൊപ്പം സമീപ ഗ്രാമത്തിലെ സന്തേ എന്ന ഉല്‍സവത്തിനു പോവുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളമായി പരിപാടിയില്‍ ഇഡലി, സാമ്പാര്‍, ചിക്കന്‍ കറി, മട്ടന്‍ കറി, പൊറോട്ട, ചപ്പാത്തി തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുകയാണ് കമറുന്നിസ. ഫെസ്റ്റിവലിലെ നോണ്‍ വെജ് ഭക്ഷണം ലഭിക്കുന്ന ഏക സ്റ്റാളാണിത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്റ്റാളിനു മുകളില്‍ ഇന്ധനം ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ആക്രമണത്തില്‍ 50000 മുതല്‍ 60000 രൂപയുടെ വരെ ഭക്ഷണം നശിപ്പിച്ചതായി ഖമറുന്നിസ പറഞ്ഞു. ''അവരെല്ലാം യുവാക്കളായിരുന്നു. 20നു മുകളില്‍ പ്രായമുണ്ടായിരുന്നില്ല. അവരോട് നമ്മള്‍ അരുതെന്ന് പറഞ്ഞു. പക്ഷേ ആരും ഒന്നും കേട്ടില്ല. ചുറ്റും കൂടിനിന്നവരും പറഞ്ഞുനോക്കി. പക്ഷേ ആരും അടുത്തുവന്നില്ല. കാരണം, അവരുടെ കൈയില്‍ ഇന്ധനമുണ്ടായിരുന്നു. ആരും തങ്ങളുടെ ജീവന്‍ വച്ചുള്ള റിസ്‌കിന് തയ്യാറായില്ല. ഞാന്‍ തന്നെ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത്‌കൊണ്ട് പേടിച്ചു ജോലി ചെയ്യാതിരിക്കില്ല. ഞങ്ങള്‍ തെറ്റ് ചെയ്യാതെയാണ് നഷ്ടമുണ്ടായത്. ഇതുവരെ എങ്ങനെയാണോ ജീവിച്ചത്. അതുപോലെ തന്നെ ഇനിയും ജീവിക്കം-ഖമറുന്നിസ പറഞ്ഞു.
സംഭവദിവസം രാവിലെ മുതല്‍ പ്രദേശത്ത് ഒരുസംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഗോ യാത്ര പരിപാടിയുമായി ബന്ധപ്പെട്ട് നിരീക്ഷിച്ചു വരികയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. സന്തേയുടെ അന്നേദിവസം രാവിലെയാണ് ബജ്‌റംഗ്ദള്‍ പരിപാടി നടന്നത്. വൈകീട്ട് മൂന്നിനാണ് കട ആക്രമിച്ചത്. അവര്‍ 15 പേരോളം ഉണ്ടായിരുന്നതായി ഖമറുന്നിസയുടെ മകള്‍ ശബാന പറഞ്ഞു. എപിഎംസി യാര്‍ഡില്‍ നിന്നാണ് അവര്‍ വന്നത്. എന്റെ മാതാവും ആന്റിയും വര്‍ഷങ്ങളായി ഉല്‍സവത്തില്‍ ഭക്ഷണം വില്‍ക്കുന്നുണ്ട്. അവിടെ നിന്നല്ല ഭക്ഷണം ഉണ്ടാക്കുന്നത്. വീട്ടില്‍ നിന്നുണ്ടാക്കി അവിടെ കൊണ്ടുവന്ന് വില്‍പന നടത്തുകയാണ്. ഞങ്ങള്‍ മാത്രമാണ് ഇറച്ചി വിറ്റിരുന്നത്. മറ്റുള്ളവര്‍ പച്ചക്കറിയും മറ്റുമാണ് വില്‍പന നടത്തുന്നത്. തണുത്തുപോയിട്ടുണ്ടെങ്കില്‍ അവിടെ വച്ച് ചൂടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ശബാന പറഞ്ഞു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ ഹാസനിലും ഇത്തരം ആക്രമണങ്ങളുണ്ടായത് ആശങ്കയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക.

