ബാബരി മസ്ജിദ്: പുനപ്പരിശോധന ഹരജി നല്‍കുമെന്ന് എസ് ഡിപിഐ

ഡിസംബര്‍ ആറിനുള്ള പ്രതിഷേധ പരിപാടികള്‍ തുടരാന്‍ ദേശീയ സെക്രട്ടേറിയറ്റില്‍ തീരുമാനം

Update: 2019-11-25 14:58 GMT

കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ പുനപ്പരിശോധന ഹരജി നല്‍കുമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി ഭൂമി മുസ്‌ലിംകള്‍ക്ക് നിഷേധിച്ചത് അന്യായമാണ്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ പലപ്പോഴുമുണ്ടായ നീതി നിഷേധം സുപ്രിംകോടതിയില്‍ നിന്നും ആവര്‍ത്തിച്ചത് ഖേദകരമാണ്. ഇതോടെ പ്രശ്‌നം അവസാനിക്കുന്നില്ല. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സമ്മതിക്കെ തന്നെ നിയമം ലംഘിച്ച് അതില്‍ അതിക്രമിച്ച് കയറുകയും തകര്‍ക്കുകയും ചെയ്തവര്‍ക്ക് മസ്ജിദിന്റെ ഭൂമി ഏകപക്ഷീയമായി വിട്ട് കൊടുത്ത സുപ്രിം കോടതി വിധി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത് സംഘപരിവാരിന്റെ വര്‍ഗീയ അജണ്ടയെ സഹായിക്കുന്നതാണ്. സിവില്‍ കേസില്‍ നിയമത്തിനപ്പുറം നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തി കോടതികള്‍ വിധി പറയുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. നീതിന്യായ വ്യവസ്ഥയെ ഇത് ദുര്‍ബലപ്പെടുത്തും. അതിനാല്‍ ബാബരി മസ്ജിദിന്റെ കാര്യത്തില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

    ഇതിന്റെ ഭാഗമായി ഡിസംബര്‍ ആറിന് പാര്‍ട്ടി നടത്തിവന്നിരുന്ന പ്രക്ഷോഭങ്ങള്‍ തുടരും. 'അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനസ്ഥാപിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടക്കുക' എന്നീ ആവശ്യങ്ങളുയര്‍ത്തി ഡിസംബര്‍ ആറിനുള്ള പ്രതിഷേധം തുടരും. 'ബാബരി വിധിക്കു ശേഷം ജനാധിപത്യത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ സെമിനാര്‍ നടത്തും. നീതി നിഷേധത്തിനെതിരായ പ്രതിഷേധവും കോടതി വിധിക്കെതിരായ ജനവികാരവും രാഷ്ട്രപതിയെ അറിയിക്കാന്‍ വേണ്ടി 'കത്തയക്കല്‍' കാംപയിന്‍ വ്യാപിപ്പിക്കും. തെരുവു സംവാദം, ധര്‍ണ തടുങ്ങിയവ സംഘടിപ്പിക്കും. ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടി ജനങ്ങളെ സജ്ജരാക്കുന്നതിനായി റിപ്പബ്ലിക് ദിനമായ ജനുവരി 26നു ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും. യു എപിഎ, എന്‍ആര്‍സി, പൗരത്വ ഭേദഗതി ബില്‍, കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദ് ചെയ്തത് അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    വാര്‍ത്താസമ്മേളനത്തില്‍ എം കെ ഫൈസിക്കു പുറമെ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് ഉത്തര്‍പ്രദേശ്, ദേശീയ സെക്രട്ടറിമാരായ തസ്‌ലിം അഹമ്മദ് റഹ്മാനി ഡല്‍ഹി, യാസ്മിന്‍ ഫാറൂഖി രാജസ്ഥാന്‍, കേരള സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുത്തു.




Tags:    

Similar News