ശീതക്കൊടുങ്കാറ്റില്‍ വിറച്ച് അമേരിക്ക; മരണസംഖ്യ 65 കടന്നു, മരിച്ചവരില്‍ ഇന്ത്യക്കാരും

Update: 2022-12-28 07:18 GMT

ന്യൂയോര്‍ക്ക്: അതിശൈത്യത്തിലും ശീതക്കൊടുങ്കാറ്റിലും അമേരിക്ക വിറയ്ക്കുന്നു. 65 ലധികം മരണമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് പുതിയ റിപോര്‍ട്ടുകള്‍. മൂന്ന് ആന്ധ്രാ സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. വെസ്‌റ്റേണ്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ മാത്രം 34 പേരാണ് അതിശൈത്യത്തില്‍ മരിച്ചു. ബഫലോ നഗരത്തിലാണ് ഏറ്റവും അധികം മരണവും മറ്റു നാശനഷ്ടങ്ങളുമുണ്ടായത്.

കാറിനുള്ളിലും വീടുകളിലും മഞ്ഞിനടിയിലാണു മരിച്ചവരെ കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ മാത്രം 28 മരണം. ന്യൂയോര്‍ക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അരിസോണ സംസ്ഥാനത്തെ ചാന്‍ഡ്‌ലറിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണാണ് മരണം സംഭവിച്ചത്. അതിശക്തമായ മഞ്ഞുവീഴ്ചക്കിടെ ന്യൂയോര്‍ക്കില്‍ കാറിനുള്ളില്‍ കുടുങ്ങി 22കാരിക്ക് ദാരുണാന്ത്യം സംഭവിച്ചു. ഉച്ചയ്ക്കുശേഷം ജോലിസ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയാണ് ആന്‍ഡേല്‍ ടെയ്‌ലര്‍ അപകടത്തില്‍പ്പെട്ടത്.

മഞ്ഞില്‍ കുടുങ്ങിയ കാര്‍ മുന്നോട്ടുനീങ്ങിയില്ല. മഞ്ഞുകാറ്റ് അവസാനിച്ച ശേഷം വീട്ടില്‍ മടങ്ങാമെന്ന് കരുതിയ ടെയ്‌ലര്‍ 18 മണിക്കൂറോളം കാറില്‍ കുടുങ്ങി മരിക്കുകയായിരുന്നു. കുടുംബത്തിന് അവസമായി അയച്ച വീഡിയോയില്‍ പുറത്ത് കാറ്റടിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. അപകട വിവരം അറിഞ്ഞ ഉടന്‍ യുവതിക്കായി ഈര്‍ജിത തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ഏറെ വൈകിയാണ് കണ്ടെത്താന്‍ സാധിച്ചത്. മഞ്ഞുവീഴ്ചയോടൊപ്പം അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചായിരിക്കാം മരണം സംഭവിച്ചതെന്ന് സംശയമുണ്ട്.

കനത്ത മഞ്ഞുവീഴ്ചയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ വാഹനങ്ങള്‍ക്കുള്ളിലും വീടുകള്‍ക്ക് പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ അകപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ ഇനിയുമെത്തിയിട്ടില്ല. നിരവധി പേര്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

അര നൂറ്റാണ്ടിനിടെ ഉണ്ടാവുന്ന ഏറ്റവും വലിയ ശീതക്കാറ്റിനെയാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 2,872 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി. രണ്ടുദിവസം വരെ വിമാനത്താവളങ്ങളില്‍ തങ്ങാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവുന്നു.

ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ല. കാനഡയുടെ അതിര്‍ത്തി മുതല്‍ മെക്‌സിക്കോ അതിര്‍ത്തി വരെയുള്ള പ്രദേശത്താണു ശീതക്കൊടുങ്കാറ്റ് ഭീഷണി നിലനില്‍ക്കുന്നത്. അതിശൈത്യവും ശീതക്കൊടുങ്കാറ്റും കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും ജനജീവിതത്തെ ബാധിച്ചു. വൈദ്യുതി വിതരണം മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി. ആയിരക്കണക്കിനാളുകള്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്.

തകരാറിലായ വൈദ്യുതി വിതരണം ഇതുവരെ പൂര്‍ണമായി പുനഃസ്ഥാപിക്കാനാകാത്തതിനാല്‍ പല വീടുകളും ഇരുട്ടിലാണ്. അതിനിടെ, വീടുകള്‍ക്കുള്ളിലെ ചൂടും ആശങ്കയുണ്ടാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപകമായ കവര്‍ച്ച നടക്കുന്നതായും റിപോര്‍ട്ടുണ്ട്. കിഴക്കന്‍ ബഫലോ സ്‌റ്റോര്‍ തകര്‍ത്ത് അര മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി സ്‌റ്റോര്‍ ഉടമ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News