രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാവാനില്ല; യോഗിയുടെ ക്ഷണം നിരസിച്ച് കശ്മീരി വിദ്യാര്‍ഥികള്‍

'ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രചാരണം തങ്ങളിലേക്ക് വിളമ്പാനാണ് ശ്രമം. എല്ലാം സാധാരണ നിലയിലാണെന്നും അവരുടെ വിവാദപരമായ തീരുമാനത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്നും ലോകത്തെ കാണിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, ഇത് അസത്യമാണ്.' ഒരു വിദ്യാര്‍ഥി പറഞ്ഞു.

Update: 2019-09-27 09:12 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ആശയവിനിമയത്തിനുള്ള ക്ഷണം നിരസിച്ച് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (എഎംയു) യിലെ കശ്മീരി വിദ്യാര്‍ഥികള്‍. മുഖ്യമന്ത്രിയുടെ നീക്കം കശ്മീരില്‍ എല്ലാം സാധരണ നിലയിലാണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

'ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രചാരണം തങ്ങളിലേക്ക് വിളമ്പാനാണ് ശ്രമം. എല്ലാം സാധാരണ നിലയിലാണെന്നും അവരുടെ വിവാദപരമായ തീരുമാനത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്നും ലോകത്തെ കാണിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, ഇത് അസത്യമാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല'. ഒരു വിദ്യാര്‍ഥി പറഞ്ഞു.

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് മുഖ്യമന്ത്രി കശ്മീര്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചത്. കശ്മീരിലെ ജനങ്ങളുമായി ആരോഗ്യകരമായ ബന്ധമുണ്ടെന്ന തരത്തില്‍ മുഖച്ഛായ സൃഷ്ടിക്കുന്നതിനായി എഎംയുവിലെ കശ്മീരി വിദ്യാര്‍ഥികള്‍ രാഷ്ട്രീയക്കാരുടെ കൈകളായി മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മറ്റു ചില വിദ്യാര്‍ഥികള്‍ പറഞ്ഞു.

മുഖ്യമന്ത്രി കാണേണ്ടത് വിവിധ ജയിലുകളില്‍ തടവിലാക്കപ്പെട്ട കശ്മീരികളേയാണ്. രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന പ്രാഫസര്‍മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിവരുമായി മുഖ്യമന്ത്രി സംസാരിക്കണമെന്നും അവരുടെ ദുരവസ്ഥ മനസിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Tags: