ഏകാന്ത തടവില്‍ 1000 ദിവസം; അല്‍-ജസീറയുടെ മഹമൂദ് ഹുസൈന് മോചനമായില്ല

ഭരണകൂട സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിച്ചെന്നും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്‌തെന്നുമാണ് ഈജിപ്തിന്റെ ആരോപണം. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണ്.' അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കി.

Update: 2019-09-19 06:29 GMT

ദോഹ: 1000 ദിവസമായി ഈജിപ്തിലെ ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്ന അല്‍-ജസീറ ലേഖകന്‍ മഹമൂദ് ഹുസൈന് മോചനമായില്ല. യാതൊരു കുറ്റവും ചുമത്താതെയാണ് മഹമൂദ് ഹുസൈനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ അല്‍-ജസീറ അറബിക് ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ പൗരനായ ഹുസൈന്‍ 2016 ഡിസംബര്‍ 20 ന് കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഈജിപ്തില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഈജിപ്തിലെ നിയമങ്ങള്‍ പോലും ലംഘിച്ചാണ് മഹമൂദിനെ അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അല്‍-ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി പൗരനെ ജയിലില്‍ അടക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 620 ദിവസത്തെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

'അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഹുസൈനെ ഈജിപ്ഷ്യന്‍ അധികൃതര്‍ 1,000 ദിവസമായി തടഞ്ഞുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ഈജിപ്ഷ്യന്‍ സര്‍ക്കാരിനാണ്.

ഈജിപ്തിലെ കുപ്രസിദ്ധമായ ജയിലുകളിലൊന്നിലേക്ക് ഹുസൈനെ വീണ്ടും അയച്ചത് അപമാനകരമാണ്. ഭരണകൂട സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിച്ചെന്നും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്‌തെന്നുമാണ് ഈജിപ്തിന്റെ ആരോപണം. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണ്.' അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കി.

ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സ്‌റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഉത്തരവ് മെയ് മാസത്തില്‍ ഈജിപ്ഷ്യന്‍ കോടതി നിരസിച്ചു. അധികൃതര്‍ അദ്ദേഹത്തിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് വീണ്ടും ജയിലില്‍ തള്ളുകയായിരുന്നു. ഏകാന്തതടവില്‍ കഴിയുമ്പോള്‍ ഹുസൈന് കൈ ഒടിഞ്ഞ് പരിക്കേറ്റിട്ടും ശരിയായ വൈദ്യചികിത്സ നിഷേധിക്കുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയും ജയില്‍ വാര്‍ഡന്‍ നിരസിച്ചു.

ഫെബ്രുവരിയില്‍, ഹുസൈന്റെ 'അനിയന്ത്രിതമായ തടങ്കല്‍' അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഈജിപ്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ ആവശ്യവും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല.

മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013 ല്‍ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അല്‍-ജസീറ മീഡിയ നെറ്റ്‌വര്‍ക്കിനെ ഈജിപ്തിന്റെ ദേശീയ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അല്‍-ജസീറ പ്രതിനിധികളെ വ്യാപകമായി അറസ്റ്റ് ചെയ്തത്.




Tags:    

Similar News