പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം; അഴിമതിക്കെതിരേ പോരാടിയതിനുള്ള സമ്മാനമെന്ന് രാജു നാരായണസ്വാമി ഐഎഎസ്

രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടലിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജു നാരായണസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതെക്കുറിച്ച് സര്‍ക്കാര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്.

Update: 2019-06-21 05:54 GMT

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പരസ്യമായി ആഞ്ഞടിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജു നാരായണസ്വാമി രംഗത്ത്. രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടലിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വാര്‍ത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജു നാരായണസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതെക്കുറിച്ച് സര്‍ക്കാര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്.

28 വര്‍ഷമായി അഴിമതിക്കെതിരേ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണ് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നും വികാരാധീനനായി രാജു നാരായണസ്വാമി പറഞ്ഞു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇത്. വന്‍ അഴിമതിയാണ് അവിടെ നടക്കുന്നത്. മൂന്ന് അഴിമതികള്‍ കണ്ടെത്തിയിരുന്നു. നാളികേര വികസന ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐയ്ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇനിയും താന്‍ അവിടെ മടങ്ങിയെത്തിയാല്‍ മുന്‍ ചെയര്‍മാന്‍ അടക്കമുളളവര്‍ കുടുങ്ങും. താന്‍ മടങ്ങിയെത്താതിരിക്കാനുള്ള നല്ലമാര്‍ഗം പിരിച്ചുവിടുകയെന്നതാണ്. മാര്‍ച്ചിലാണ് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യുന്നത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടുവര്‍ഷം തികയുന്നതിന് മുമ്പ് തസ്തികയില്‍നിന്ന് നീക്കം ചെയ്യരുതെന്നാണ് കേന്ദ്രനിയമം. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുന്‍കൂര്‍ അറിയിപ്പ് നല്‍കണം.

എന്നാല്‍, തനിക്ക് യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് രാജു നാരായണസ്വാമി പറയുന്നു. തുടര്‍ന്നാണ് താന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയത്. അത് നിലനില്‍ക്കുന്നതിനാലാണ് തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്നത്. ഇക്കാര്യം രേഖാമൂലം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത്. ആയിരക്കണക്കിന് അഴിമതികളില്‍നിന്ന് മുകള്‍തട്ടിലുള്ളവയാണ് കണ്ടെത്തിയത്. കഴിഞ്ഞ നാലുമാസമായി തനിക്ക് ശമ്പളം പോലുമില്ല. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിനറിയാം. ഇതു സംബന്ധിച്ച് ഒരു മെമ്മോ പോലും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നാര്‍ മുതല്‍ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച അന്നുതന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരേയുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരായ നീക്കത്തിന് പിന്നില്‍. ഗോഡ് ഫാദര്‍മാരുള്ളവര്‍ക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരേ നിലപാടെടുക്കുന്നവരുടെ ജീവിതമാര്‍ഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അടികൊണ്ട പോലിസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ടുനിന്നില്ലെങ്കില്‍ ഭവിഷ്യത്തുകളുണ്ടാവും. അഴിമതിയുടെ ആള്‍രൂപങ്ങളെല്ലാം സംഘടിച്ചാണ് തനിക്കെതിരേ നടപടിയെടുത്തത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ല. അതുകൊണ്ട് നിയമവിദഗ്ധരുമായി ആലോചിച്ച് തനിക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ പോരാട്ടം തുടരുമെന്നും രാജു നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയശേഷം കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയാണ് രാജു നാരായണസ്വാമി പിരിച്ചുവിടാന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്. ഇതുസംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. രാജു നാരായണസ്വാമിക്ക് സര്‍വീസില്‍ 10 വര്‍ഷംകൂടി ശേഷിക്കെയാണു പിരിച്ചുവിടല്‍ നീക്കം. 

Tags:    

Similar News