ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുന്നതായി ഹൈക്കോടതി; മുന്‍ കൂര്‍ ജാമ്യ ഹരജി വ്യാഴാഴ്ച പരിഗണിക്കും

ആവശ്യമെങ്കില്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോഡുകളും കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കൂടുതല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

Update: 2022-02-01 10:22 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കിയിരിക്കുന്നനടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു കൈമാറുന്നതായി ഹൈക്കോടതി. ദിലീപും കൂട്ടുപ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിര്‍ണ്ണായകമായ ഫോണുകള്‍ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ആവശ്യമെങ്കില്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോഡുകളും കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കൂടുതല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.പ്രതികളുടെ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്ന കാര്യത്തില്‍ ഇനി മജിസ്‌ട്രേറ്റ് കോടതിയായിരിക്കും തീരുമാനിക്കുകയെന്നാണ് വ്യക്തമാകുന്നത്.

ദിലീപും കൂട്ടു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഈസാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇന്ന് നടന്ന വാദത്തിന്റെ തുടക്കത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്.ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടു പ്രതികളും ഹാജരാക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.ഏതു ഫോണാണ് കൈമാറാനുള്ളതെന്ന് കോടതിയുടെ ചോദ്യത്തിന് നാലാം നമ്പരില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ കൈമാറിയിട്ടില്ല.ഈ ഫോണ്‍ അവരുടെ പക്കല്‍ ഇല്ലെന്നാണ് അവരുടെ വാദം.എന്നാല്‍ അടുത്ത കാലം വരെ ഈ ഫോണ്‍ ഉപയോഗത്തിലുണ്ടായിരുന്നുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഹാജരാക്കാത്ത ഈ ഫോണില്‍ നിന്നും 12,000 കോളുകള്‍ ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഈ ഫോണിനക്കുറിച്ച് അറിയില്ലെന്ന് ഇവര്‍ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ദിലീപ് മൂന്നു ഫോണുകള്‍ മാത്രമാണ് കൈമാറിയിരിക്കുന്നതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞു.മൂന്‍കൂര്‍ ജാമ്യത്തിന് അര്‍ഹരാണോയെന്ന് തീരുമാനിക്കാന്‍ ഇത് അനിവാര്യമാണെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു.പ്രതികള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കിയിരിക്കുന്ന ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് വാദം വീണ്ടും തുടങ്ങിയ സമയത്ത് ഫോണുകള്‍ കൈമാറുകയാണെന്ന് കോടതി പറഞ്ഞു.ഫോണുകള്‍ കൈമാറുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഈ ഘട്ടത്തല്‍ ഫോണുകള്‍ കൈമാറരുതെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു.ഫോണുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.തുടര്‍ന്നാണ് ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുന്നതായി കോടതി വ്യക്തമാക്കിയത്.ഇതിനോട് പ്രതിഭാഗവും യോജിച്ചു.

രണ്ടു മുതല്‍ ആറു വരെയുള്ള ഫോണുകളാണ് കൈമാറുന്നത്.ആവശ്യമെങ്കില്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോഡുകളും കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കൂടുതല്‍ ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Tags: