കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊല: ഒമ്പത് ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍

ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും

Update: 2019-07-05 07:04 GMT

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കട്ടില്‍ അമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രനെ(48) കൊലപ്പെടുത്തിയ കേസിലാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ പവിത്രന്‍, ഫല്‍ഗുനന്‍, കെ പി രഘു, സനല്‍പ്രസാദ്, പി കെ ദിനേശന്‍, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി വി അശേകന്‍ എന്നിവര്‍ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും. 20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. കേരളത്തിലെ ജയിലില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു വിധി പ്രഖ്യാപിക്കുന്നത്. 2004 ഏപ്രില്‍ ആറിനാണു കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്‍. ജയില്‍ ബ്ലോക്കില്‍ ഫാന്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണുള്ളത്. ഒന്നാം സാക്ഷി ജയില്‍ ഉദ്യോഗസ്ഥന്‍ പ്രവീണും രണ്ടാംസാക്ഷി ശശീന്ദ്രനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ദിനേശന്‍ ഹാജരായി.

Tags: