ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങളില്‍ 81 ശതമാനം വര്‍ധന;ഒരു വര്‍ഷത്തിനിടെ 505 അതിക്രമങ്ങള്‍

2021ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്, 105 കേസുകള്‍

Update: 2022-07-12 05:11 GMT

ന്യൂഡല്‍ഹി:ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങളില്‍ 81 ശതമാനം വര്‍ധന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 505 ആക്രമണങ്ങള്‍ നടന്നു. ഉത്തര്‍പ്രദേശില്‍ മാത്രം റിപോര്‍ട്ട് ചെയ്യപ്പെട്ടത് 105 കേസുകള്‍. തീവ്ര ഹിന്ദുത്വ സംഘടനകളാണ് ഈ കേസുകളിലെല്ലാം പ്രതിക്കൂട്ടില്‍.മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് തിങ്കളാഴ്ച സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവേയാണ് അഭിഭാഷകന്‍ അക്രമങ്ങളുടെ കണക്ക് കോടതിക്ക് സമര്‍പ്പിച്ചത്.ഹരജിയില്‍ വെള്ളിയാഴ്ച വാദം തുടരും.കോളിന്‍ ഗോണ്‍സാല്‍വസ് നല്‍കിയ ഹരജിക്കൊപ്പം ഇതേ വിഷയത്തില്‍ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ.ഡോ. പീറ്റര്‍ മക്കാഡോ മറ്റൊരു ക്രിമിനല്‍ റിട്ട് ഹരജി കൂടി സമര്‍പ്പിച്ചത് കൊണ്ടാണ് രണ്ടിന്റേയും വാദം വെള്ളിയാഴ്ചയിലേക്ക് നീട്ടിയത്.

ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ഓരോ മാസവും ശരാശരി 45നും 50നുമിടയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും മേയ് മാസത്തില്‍ മാത്രം ഇത്തരത്തില്‍ 57 ആക്രമണങ്ങള്‍ നടന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.2014ന് ശേഷം ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിട്ട വര്‍ഷം കൂടിയാണ് 2021. 2014ല്‍ 127 ആക്രമണങ്ങള്‍, 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279 എന്നിങ്ങനെയായിരുന്നു ആക്രമണ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇത് 2021 ആയപ്പോള്‍ 505 എന്ന നിലയിലേക്ക് ഒറ്റയടിക്ക് ഉയരുകയായിരുന്നു. 2020ല്‍ നിന്ന് 2021ലെത്തിയപ്പോള്‍ 81 ശതമാനമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

2021ല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്, 105 കേസുകള്‍. ഛത്തീസ്ഗഢ്, കര്‍ണാടക, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കണക്കില്‍ തൊട്ടുപിറകില്‍.


Tags:    

Similar News