ഓക്‌സിജന്‍ കിട്ടിയില്ല; ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയില്‍ നാലുദിവസത്തിനിടെ മരിച്ചത് 74 രോഗികള്‍
ഗോവയിലെ കൊവിഡ് ചികില്‍സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലാണ് ഇത്രയും കൂടുതല്‍ രോഗികള്‍ മരിക്കാനിടയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനും രാവിലെ ആറ് മണിക്കുമിടയില്‍ 13 രോഗികള്‍ മരിച്ചു. വ്യാഴാഴ്ച 15 രോഗികളും ബുധനാഴ്ച 20 രോഗികളും ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയില്‍ 26 രോഗികളുടെയും ജീവന്‍ പൊലിഞ്ഞു.
പനാജി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലമുണ്ടാവുന്ന ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ ഓക്‌സിജന്‍ കിട്ടാതെ 74 രോഗികളാണ് മരിച്ചതായ പുതിയ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഗോവയിലെ കൊവിഡ് ചികില്‍സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലിലാണ് ഇത്രയും കൂടുതല്‍ രോഗികള്‍ മരിക്കാനിടയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനും രാവിലെ ആറ് മണിക്കുമിടയില്‍ 13 രോഗികള്‍ മരിച്ചു.
വ്യാഴാഴ്ച 15 രോഗികളും ബുധനാഴ്ച 20 രോഗികളും ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനും ആറിനും ഇടയില്‍ 26 രോഗികളുടെയും ജീവന്‍ പൊലിഞ്ഞു. മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയിലും വിതരണത്തിലുമുണ്ടായ പ്രതിസന്ധികളാണ് രോഗികളുടെ മരണത്തിനിടയാക്കിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം നടത്തണം. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെപ്പോലെ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവുണ്ടായിരുന്നുവെന്നാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കൊവിഡ് മഹാമാരി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനേജ്‌മെന്റിനെക്കുറിച്ച് ഹരജികളില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ഇതെക്കുറിച്ച് അന്വേഷണം നടത്തണം. ഓക്‌സിജന്‍ വിതരണത്തെക്കുറിച്ച് ഒരു ധവളപത്രം തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഗോവയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ ഗോയല്‍ കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ സൂചനയുണ്ട്. മഹാരാഷ്ട്രയിലെ കോലാപൂരില്‍നിന്ന് അനുവദിച്ച 110 മെട്രിക ടണ്‍ ഓക്‌സിജന് പകരം 66.74 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് മെയ് ഒന്നിനും പത്തിനുമിടയില്‍ ഗോവയ്ക്ക് ലഭിച്ചതെന്ന് കത്തില്‍ പറയുന്നു. കോലാപൂരില്‍ നിന്നാണ് 40 ശതമാനത്തോളം ഓക്‌സിജന്‍ ഗോവയ്ക്ക് ലഭിക്കുന്നത്.
11 മെട്രിക് ടണ്ണിന് പകരം പ്രതിദിനം 22 മെട്രിക് ടണ്‍ നല്‍കണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഈ കുറവ് പരിഹരിക്കാന്‍ സംവിധാനമുണ്ടാവണമെന്നത് ഞങ്ങളുടെ ആത്മാര്‍ഥമായ അഭ്യര്‍ഥനയാണെന്ന് കേന്ദ്രത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുള്ള ചില ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഓക്‌സിജനെത്തിക്കാനുള്ള അസൗകര്യംകൊണ്ട് രോഗികള്‍ മരിക്കാനിടയാവരുതെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു.
ടാങ്കറുകളും ട്രാക്ടറുകളും ഓടിക്കാന്‍ ഡ്രൈവര്‍മാരില്ലാത്തതാണ് ഓക്‌സിജന്‍ വിതരണത്തിലെ പ്രധാന പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചത്. ഓക്‌സിജന്‍ വഹിക്കുന്ന ട്രാക്ടര്‍ കൈകാര്യം ചെയ്യുന്നതിലും സിലിണ്ടറുകള്‍ പലതവണ ബന്ധിപ്പിക്കുന്നതിലും ലോജിസ്റ്റിക് പ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് റിപോര്‍ട്ട് നല്‍കണമെന്ന് കോടതി മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം, ടാങ്കുകള്‍, കോണ്‍സന്‍ട്രേറ്ററുകള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ ലഭ്യതയെക്കുറിച്ചറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ഗോവ മെഡിക്കല്‍ കോളജ് രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. പുതുതായി പ്രവേശിപ്പിക്കപ്പെട്ട രോഗികളെ കിടത്താന്‍ സ്ഥലമില്ല. അതിനാല്‍, ആശുപത്രി വരാന്തകളില്‍ വരെ രോഗികളെ കിടത്തിയിരിക്കുകയാണ്. വീല്‍ചെയര്‍ ലഭിക്കാന്‍ ഞങ്ങള്‍ എട്ടുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നുവെന്ന് ഒരു രോഗി എന്‍ഡി ടിവിയോട് പറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് 50-60 ആയിരുന്നു, ഞങ്ങള്‍ക്ക് ഒരു വെന്റിലേറ്റര്‍ ആവശ്യമാണ്. അത് ലഭിച്ചില്ല. വെന്റിലേറ്ററിന്റെ കാര്യം മറന്നേക്കാനും കിടക്കകള്‍ പോലുമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

