ഉത്തരേന്ത്യയില്‍ നാശംവിതച്ച് പേമാരിയും ചുഴലിക്കാറ്റും; 31 മരണം

മധ്യപ്രദേശില്‍ 16ഉം രാജസ്ഥാനില്‍ ആറും ഗുജറാത്തിലും ഒമ്പതും പേരാണ് മരിച്ചത്.

Update: 2019-04-17 11:34 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത നാശംവിതച്ച് പേമാരിയും ചുഴലിക്കാറ്റും. വിവിധ സംസ്ഥാനങ്ങളിലായി 31 പേര്‍ മരിച്ചു. മരം കടപുഴകി വീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റു.മധ്യപ്രദേശില്‍ 16ഉം രാജസ്ഥാനില്‍ ആറും ഗുജറാത്തിലും ഒമ്പതും പേരാണ് മരിച്ചത്.

അതിനിടെ, മഴക്കെടുതിയില്‍ മരിച്ച ഗുജറാത്തില്‍നിന്നുള്ളവര്‍ക്കു മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് വിവാദമായി. ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ മഴക്കെടുതി ഇരകള്‍ക്കും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

രാജസ്ഥാനിലെ അജ്മീര്‍, കോട്ട ഉള്‍പ്പെടെയുള്ളയിടങ്ങളിലാണ് പേമാരിയും കൊടുങ്കാറ്റുമുണ്ടായത്. പടിഞഞാറന്‍ രാജസ്ഥാനിലും കാറ്റില്‍ നാശനഷ്ടമുണ്ടായി.

പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന ഗുജറാത്തിലെ സബര്‍കാന്തയിലെ വേദിയുടെ ഒരു ഭാഗവും കാറ്റില്‍ തകര്‍ന്നു. വടക്കന്‍ ഗുജറാത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. മധ്യപ്രദേശില്‍ രണ്ടുദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും 16 പേരാണ് മരിച്ചത്. മഴക്കെടുതിയില്‍ മണിപ്പൂരില്‍ മൂന്നു പേര്‍ മരിച്ചിട്ടുണ്ട്.കേന്ദ്ര ആരോഗ്യ സെക്രട്ടറിയോട് എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ അറിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പറഞ്ഞു.

മഴക്കെടുതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഗുജറാത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായെത്തിയത്. വിമര്‍ശനം ശക്തമായതോടെ കാറ്റിലും മഴയിലും ദുരന്തമുണ്ടായ രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപൂര്‍ എന്നിവിടങ്ങളില്‍ കൂടി പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ച് തലയൂരുകയായിരുന്നു.

Tags:    

Similar News