220 കോടി ജനങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം; 420 കോടി പേര്‍ക്ക് കക്കൂസില്ല

ഐക്യരാഷ്ട്ര സഭയുടെ പുതിയ കണക്കുകള്‍ പുറത്ത്

Update: 2019-06-19 11:05 GMT

ന്യൂയോര്‍ക്ക്: ലോകത്ത് 220 കോടി(2.2 ബില്ല്യണ്‍) ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ കണക്കുകള്‍. 420 കോടി(4.2 ബില്ല്യണ്‍) ജനങ്ങള്‍ക്ക് സുരക്ഷിതമായ മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യങ്ങളില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യും യൂനിസെഫും(യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) ചേര്‍ന്നു നടത്തിയ ''കുടിവെള്ളം, ശുചിത്വം, ശുചിത്വം എന്നിവയിലെ പുരോഗതി 2000-2017: അസമത്വങ്ങളില്‍ പ്രത്യേക ശ്രദ്ധ'' എന്ന റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2000 മുതലുള്ള പ്രവര്‍ത്തനഫലമായി 1.8 ബില്ല്യണ്‍ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാനായെങ്കിലും ബാക്കിയുള്ളവര്‍ക്ക് കുടിവെള്ള ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്താനായില്ലെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത്രയും പേര്‍ക്ക് വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളില്ലെന്നു യൂനിസെഫ് പ്രതിനിധി കെല്ലി ആന്‍ നെയ്‌ലര്‍ പറഞ്ഞു. വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും ടോയ്‌ലറ്റുകള്‍ സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിനാല്‍ വിതരണം ചെയ്യാനാവാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. നിര്‍ധനരായ കുട്ടികളും കുടുംബങ്ങളും അപകടകരമായ സാഹചര്യത്തിലാണ് കഴിയുന്നത്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ ഭിന്നതകള്‍ പരിഹരിച്ച് ഗുരുതരമായ മനുഷ്യാവകാശപ്രശ്‌നത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    എന്നാല്‍, ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ളതില്‍ നിന്നു ജനങ്ങള്‍ തുറസ്സായ സ്ഥലത്ത് വിസര്‍ജ്ജനം നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 21 ശതമാനത്തില്‍ നിന്ന് 9 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ലോകവ്യാപകമായി ഏകദേശം 673 ദശലക്ഷം പേരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. പ്രതിവര്‍ഷം 2,97,000ഓളം കുട്ടികളാണ് കുടിവെള്ളവും ശുചിത്വമില്ലായ്മയും കാരണമായി വയറിളക്കവും മറ്റും കാരണം മരണപ്പെടുന്നത്. ശുചിത്വ സംവിധാനത്തിലെ അപര്യാപ്തതയാണ് കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കു കാരണമാവുന്നത്. ജല ലഭ്യത, ഗുണനിലവാരം, ശുചിത്വം എന്നിവയിലെ അസമത്വം പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ധനസഹായത്തിനൊപ്പം മികച്ച ആസൂത്രണം നടത്തണമെന്നും കെല്ലി ആന്‍ നെയ്‌ലര്‍ പറഞ്ഞു.



Tags:    

Similar News