ജാര്‍ഖണ്ഡില്‍ മൂന്ന് വര്‍ഷത്തിനിടെ 11200 പേർക്കെതിരേ രാജ്യദ്രോഹക്കേസ്

2017 ജൂണ്‍ മുതല്‍ 2018 ജൂലൈ വരെ ഖുന്തി ജില്ലയില്‍ പോലിസ് സമര്‍പ്പിച്ച 19 പ്രഥമ വിവര റിപോര്‍ട്ടുകള്‍ പ്രകാരം 11,200ല്‍ അധികം ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ നയങ്ങള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Update: 2019-11-19 07:14 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്ന് വര്‍ഷത്തിനിടെ 11200 പേർക്കെതിരേ രാജ്യദ്രോഹക്കേസുകള്‍ ചാര്‍ജ് ചെയ്ത് സർക്കാർ. ആദിവാസികളുടെ നേതൃത്വത്തിലുള്ള പതല്‍ഗഡി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഞെട്ടിക്കുന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്ന ത്.

പതല്‍ഗഡി പ്രസ്ഥാനം 2017ലാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ആദിവാസി പ്രദേശങ്ങള്‍ക്ക് നല്‍കിയ പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകള്‍ കൊത്തിയെടുത്ത ശിലാ ഫലകങ്ങള്‍ ഖുന്തി ജില്ലയിലെ ഗ്രാമങ്ങളില്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിടാന്‍ ആരംഭിച്ചത്.

2017 ജൂണ്‍ മുതല്‍ 2018 ജൂലൈ വരെ ഖുന്തി ജില്ലയില്‍ പോലിസ്  സമര്‍പ്പിച്ച 19 പ്രഥമ വിവര റിപോര്‍ട്ടുകള്‍ പ്രകാരം 11,200ല്‍ അധികം ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ നയങ്ങള്‍ തടസ്സപ്പെടുത്തിയെന്നാരോപിച്ച് നിരവധി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. പതിനായിരത്തിലധികം പേരെ പ്രതികളാക്കുന്ന 14 എഫ്‌ഐആറുകളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 124എ പ്രകാരമാണ് കേസ്.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന 10,000 ആദിവാസികള്‍ ഖുന്തിയിലെ ജനസംഖ്യയുടെ രണ്ട് ശതമാനമാണ്. പത്തല്‍ഗഡി അനുകൂലികള്‍ക്കെതിരേ 19 എഫ്‌ഐആറുകള്‍ ഉണ്ടെന്നാണ് വിവരം, അങ്ങനയെങ്കില്‍ ജില്ലയില്‍ രാജ്യദ്രോഹക്കേസിലെ പ്രതികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാം.

പ്രതി ചേര്‍ക്കപ്പെട്ടവരില്‍ നാല്‍പത്തിമൂന്ന് പേര്‍ ഗ്രാമത്തലവന്മാരാണ്. ഭാവിയില്‍ കേസുകളില്‍ ആരെയും പ്രതിചേര്‍ക്കുമെന്ന് ഗ്രാമവാസികള്‍ ഭയപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടിനുശേഷവും തങ്ങളുടെ ഭൂമിയിന്‍മേലുള്ള അവകാശം സംരക്ഷിക്കുന്നതിനായി ഭരണഘടനാപരമായി നിലകൊണ്ടതിന് തങ്ങളെ വേട്ടയാടുകയാണെന്ന് ആദിവാസികള്‍ പറയുന്നു. 

Tags:    

Similar News