കേന്ദ്ര സര്‍വീസില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഫെബ്രുവരി 1 മുതല്‍

എല്ലാ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റുകളിലും സര്‍വീസുകളിലും ഫെബ്രുവരി 1 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ജനുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധമായ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കിയത്.

Update: 2019-01-24 15:41 GMT

ന്യൂഡല്‍ഹി: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം അടുത്ത മാസം മുതല്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലും നടപ്പാക്കുമെന്ന് ഔദ്യോഗിക വിജ്ഞാപനം. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വിശദമായ നിര്‍ദേശങ്ങള്‍ പ്രത്യേക ഉത്തരവായി പുറത്തിറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

എല്ലാ കേന്ദ്രസര്‍ക്കാര്‍ പോസ്റ്റുകളിലും സര്‍വീസുകളിലും ഫെബ്രുവരി 1 മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ജനുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധമായ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കിയത്.

നിലവില്‍ എസ്‌സി, എസ്ടി, ഒബിസി സംവരണ വിഭാഗങ്ങളില്‍പ്പെടാത്ത വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ള എല്ലാവരും 10 ശതമാനം സംവരണത്തിന് അര്‍ഹരാണെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അതേ സമയം, അഞ്ചേക്കറോ അതില്‍ കൂടുതലോ കൃഷി ഭൂമിയുള്ളവര്‍, 1000 ചതുരശ്ര അടിയോ അതില്‍കൂടുതലോ വലുപ്പമുള്ള വീടുള്ളവര്‍, മുനിസിപ്പാലിറ്റി പരിധിയില്‍ 100 ചതുരശ്ര യാര്‍ഡോ അതില്‍ കൂടുതലോ പുരയിടമുള്ളവര്‍, മുനിസിപ്പാലിറ്റി അല്ലാത്ത പ്രദേശങ്ങളില്‍ 200 ചതുരശ്ര യാര്‍ഡോ അതില്‍ കൂടുതലോ പുരയിടമുള്ളവര്‍ തുടങ്ങിയവര്‍ക്ക് കുടുംബ വരുമാനം എത്രയായാലും സംവരണം ലഭിക്കില്ല.

കുടുംബത്തിന്റെ വരുമാനവും സ്വത്തുക്കളും തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാനുഷിക വിഭവശേഷി മന്ത്രാലയം പുറത്തിറക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 

Tags:    

Similar News