മൂന്ന് പുരോഹിതരെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് സൈന്യം രക്ഷിച്ചു

Update: 2018-07-06 08:46 GMT

ഗുവാഹത്തി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നാരോപിച്ച് ജനക്കൂട്ടം ആക്രമണത്തിനിരയാക്കിയ മുന്ന് പുരോഹിതരെ സൈന്യം രക്ഷിച്ചു. സെന്‍ട്രല്‍ അസമിലെ മാഹൂര്‍ നഗരത്തിലാണ് സംഭവം. കുട്ടികളെ കുട്ടിക്കൊണ്ടു പോകുന്നവര്‍ നഗരത്തിലെത്തിയതായ സന്ദേശം വാട്ട്‌സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഗ്രാമവാസികള്‍ ഇവരെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.

26നും 31നും ഇടയില്‍ പ്രായമുള്ള പുരോഹിതര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഇവര്‍ കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നുപേരെയും പുറത്തേക്ക് വലിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും ആളുകളുടെ എണ്ണം വര്‍ധിച്ചു വന്നു. കഴിഞ്ഞ മാസം കര്‍ബി ആങ്‌ലോങില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് സമാനമായ സാഹചര്യം ഉണ്ടാവുമെന്ന് തോന്നിയ ചില പ്രദേശവാസികള്‍ തുടര്‍ന്ന് സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു. സൈനികര്‍ മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി പുരോഹിതരില്‍ ഒരാളെ രക്ഷിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ ബാക്കി രണ്ടു പേരെ അര കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് പ്രദേശ വാസികള്‍ പിടികൂടി സൈന്യത്തെ ഏല്‍പ്പിച്ചു.

സൈനിക ക്യാംപില്‍ കൊണ്ടു പോയി ചോദ്യം ചെയ്ത ശേഷം ഇവരെ പോലിസിന് കൈമാറി. 29 കിലോമീറ്റര്‍ അകലെയുള്ള ഹാഫ്‌ലോങിലും സമാനമായ സംഭവം അരങ്ങേറി. അപരിചിതരെ ആക്രമിക്കുന്നതിനിടെ പോലിസ് ഇടപെട്ട് രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ മാസം കര്‍ബി ആങ്‌ലോങില്‍ രണ്ടു പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ എത്തിയതായി സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചരണമാണ് ആക്രമണത്തിനിരയാക്കിയത്. സോഷ്യല്‍ മീഡിയയിലെ ഊഹാപോഹങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിനിടെ 20ഓളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

[embed]https://www.youtube.com/watch?v=gSlzD5Fc69k[/embed]
Tags:    

Similar News