വെടിനിര്‍ത്തലിനെ പിന്തുണയ്ക്കണം; ആസ്‌ത്രേലിയന്‍ സെനറ്റില്‍ ഇറങ്ങിപ്പോക്ക്

Update: 2023-11-06 14:22 GMT

Full View

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചും വെടിനിര്‍ത്തലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടും


ആസ്‌ത്രേലിയന്‍ സെനറ്റില്‍ ഇറങ്ങിപ്പോക്ക്. ഫെഡറല്‍ ഗ്രീന്‍സ് സെനറ്റര്‍ മെഹ്‌റിന്‍ ഫാറൂഖിയാണ് ലേബര്‍ ഗവണ്‍മെന്റിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 'ധൈര്യമില്ലാത്ത, ഹൃദയമില്ലാത്ത, ഭീരുക്കള്‍' എന്നു വിശേഷിപ്പിച്ച സെനറ്റര്‍ മെഹ്‌റിന്‍ ഫാറൂഖി ഗസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സെനറ്റില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇസ്രായേല്‍-ഗസ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് അവര്‍ പറഞ്ഞു. മാനുഷിക ഉടമ്പടിക്ക് വേണ്ടിയുള്ള യുഎന്‍ വോട്ടെടുപ്പില്‍ നിന്ന് ആസ്‌ത്രേലിയ വിട്ടുനിന്നതിന് പിന്നാലെയാണിത്.



തിങ്കളാഴ്ച സെനറ്റിന്റെ ചോദ്യോത്തര വേളയിലാണ് മെഹ്‌റിന്‍ ഫാറൂഖിയുടെ പ്രതിഷേധം. 'ജനങ്ങളുടെ പ്രതിഷേധം' പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നതായി പ്രഖ്യാപിച്ച മെഹ്‌റിന്‍ ഫാറൂഖിക്ക് ഗ്രീന്‍സ് സെനറ്റിലെ സഹപ്രവര്‍ത്തകരും പിന്തുണയര്‍പ്പിച്ച് വാക്കൗട്ട് നടത്തി.



ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടും ഇസ്രായേല്‍ സര്‍ക്കാരിന് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ചും രാജ്യത്തുടനീളം ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാരിന്മേല്‍ സമ്മര്‍ദം തുടരുമെന്ന് സെനറ്റര്‍മാര്‍ പറഞ്ഞു. 'ഞങ്ങള്‍ ഇവിടെ ഇരിക്കാന്‍ പോവുന്നില്ല, നിങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നത് നോക്കിനില്‍ക്കില്ല. വാക്കുകള്‍ കൊണ്ട് യുദ്ധക്കുറ്റങ്ങളെ തടയാന്‍ കഴിയില്ല. ഇന്ന്, ഞങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൊണ്ടുവരുന്നു. ഫ്രീ ഫലസ്തീന്‍ എന്ന് മുഷ്ടി ഉയര്‍ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞാണ് സെനറ്റര്‍ ഫാറൂഖി തന്റെ ചേംബര്‍ വിട്ടത്. ചോദ്യോത്തര വേളയില്‍ സെനറ്റര്‍ മെഹ്‌റിന്‍ ഫാറൂഖി പരമ്പരാഗത ഫലസ്തീന്‍ സ്‌കാര്‍ഫ് ധരിച്ചാണെത്തിയത്. സെനറ്റര്‍ ജാനറ്റ് റൈസ് വാക്കൗട്ട് നടത്തുന്നതിനിടെ ഫലസ്തീന്‍ പതാകയുള്ള പേജ് ഉയര്‍ത്തിക്കാട്ടി.

    കഴിഞ്ഞ മാസം, ഇസ്രായേല്‍ സേനയും ഗസയിലെ ഹമാസ് പോരാളികളും തമ്മില്‍ ഉടനടി മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലെ വോട്ടിങില്‍ നിന്ന് ആസ്‌ട്രേലിയ വിട്ടുനിന്നിരുന്നു. വെടിനിര്‍ത്തലിന് വഴിയൊരുക്കാനുള്ള പ്രമേയത്തെ 120 രാജ്യങ്ങള്‍ പിന്തുണക്കുകയും 14 രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തപ്പോള്‍ ആസ്‌ത്രേലിയ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.

ലേബര്‍ ഗവണ്‍മെന്റിനെ 'യുദ്ധമോഹികള്‍' എന്ന് വിളിച്ച സെനറ്റര്‍ ഫാറൂഖി 'നിശ്ശബ്ദത പാലിക്കുകയും ഫലസ്തീനികളുടെ കൂട്ടക്കൊലയില്‍ പങ്കാളിയാകുകയും ചെയ്തതിന് ചരിത്രം പാര്‍ട്ടിയെ വിലയിരുത്തുമെന്നും പറഞ്ഞു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാതെയും ഇസ്രായേലിനെ അപലപിക്കാതെയും അവര്‍ അമേരിക്കയുടെ പാവ മേധാവിയെ പിന്തുടരുകയാണെന്നും അവര്‍ പറഞ്ഞു. ആസ്‌ട്രേലിയന്‍ പൊതുജനങ്ങളെ സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്ന് വിദേശകാര്യ വക്താവ് ജോര്‍ദാന്‍ സ്റ്റീല്‍ജോണ്‍ പറഞ്ഞു. 'ഞങ്ങളുടെ സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സമൂഹം പ്രതീക്ഷിക്കുന്നു, അല്ലാതെ വാഷിംഗ്ടണില്‍ നിന്നോ ലോകത്തിന്റെ മറ്റേതെങ്കിലും തലസ്ഥാനത്ത് നിന്നോ ഉള്ള ആഗ്രഹങ്ങളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് യുദ്ധം തുടങ്ങി ഒരുമാസമാവുമ്പോഴേക്കും ഏകദേശം 9,800 ഫലസ്തീനികലെ ഇസ്രായേല്‍ കൊലപ്പെടുത്തി. ഇതില്‍ 4,000ത്തോളം കുട്ടികളാണ്.

Tags:    

Similar News