Update: 2017-04-18 04:52 GMT
കല്യാണ്‍ സാരീസിലെ തൊഴിലാളിസമരം : സര്‍ക്കാര്‍ ഇടപെടണമെന്ന് എഐടിയുസി

തൃശൂര്‍: കല്യാണ്‍ സാരീസില്‍ നിന്ന് ആറ് സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍ ആവശ്യപ്പെട്ടു. തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐടിയുസി നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ സ്ഥാപനം ലോക്കൗട്ട് ചെയ്യുകയോ സ്ഥാപനം അവസാനിപ്പിക്കുകയോ ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന നിയമമുണ്ട്. ഇതെല്ലാം ലംഘിച്ച് കല്ല്യാണ്‍ സാരീസില്‍ തൊഴിലാളികളുമായുണ്ടാക്കിയ കരാര്‍ വ്യവസ്ഥയും കാറ്റില്‍ പരത്തി കല്ല്യാണ്‍ സാരീസ് മാനേജ്‌മെന്റ് ആറ് സ്ത്രീ തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുകയാണ്.  സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മിനിമം വേജസ്സ് ചോദിച്ചതിന്റെ പേരിലും സംഘടിച്ചതിന്റെ പേരിലുമാണ് മാനേജ്‌മെന്റിന്റെ ഈ നടപടി.  കല്ല്യാണ്‍ സാരീസ് മാനേജ്‌മെന്റിനെ പ്രൊസിക്യൂട്ട് ചെയ്യാനും പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനും നടപടിയുണ്ടാകണമെന്നും എ എന്‍ രാജന്‍ ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു.

Similar News