Cricket

ഇന്ത്യക്കെതിരേ അഫ്ഗാന്‍ ക്ലൈമാക്‌സ്; വാട്ട് എ മാച്ച്

ഇന്ത്യക്കെതിരേ അഫ്ഗാന്‍ ക്ലൈമാക്‌സ്; വാട്ട് എ മാച്ച്
X

ദുബയ്: അഫ്ഗാനിസ്താന്റെ ക്രിക്കറ്റ് കരിയറില്‍ ഇങ്ങനൊയൊരു മല്‍സരത്തിന് അവര്‍ അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഏകദിനത്തില്‍ ലോക രണ്ടാം റാങ്കുകാരായ ഇന്ത്യയെ ആവേശകരമായ ക്ലൈമാക്‌സില്‍ അഫ്ഗാന്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നു. സമ്മര്‍ദം നിറഞ്ഞ നിന്ന സെക്കന്‍ഡുകള്‍ക്കൊടുവില്‍ മല്‍സരഫലം പുറത്തു വന്നപ്പോള്‍ അസോസിയേറ്റ് ടീമിനോട് ഇന്ത്യക്ക് സമനില.
അവസാന രണ്ട് പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ പത്താമനെയും വീഴ്ത്തിയാണ് അഫ്ഗാനിസ്താന്‍ ഇന്ത്യയോട് പൊരുതി വിജയത്തിന് സമാനമായ സമനില കണ്ടെത്തിയത്. ഇനി ലോകത്തിലെ നമ്പര്‍ വണ്‍ ടീമാവാന്‍ അഫ്ഗാന് അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഈ പ്രകടനം വിളിച്ചോതുന്നത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറില്‍ എത്തിയ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ അവരെയും പാകിസ്താനെയും വിറപ്പിച്ചാണ് കീഴടങ്ങിയത്.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 252 റണ്‍സെടുത്തപ്പോള്‍ 49.5 ഓവറില്‍ 252 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ 10ാം വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചതാണ് ഇന്ത്യയെ സമനിലയിലേക്ക് നയിച്ചത്.
രണ്ടാം ബാറ്റിനിറങ്ങിയ ഇന്ത്യ 48.5 ഒമ്പതിന് 245 എന്ന റണ്‍സെന്ന നിലയില്‍ നില്‍ക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും എട്ട് റണ്‍സ്. അതേസമയം, അഫ്ഗാന് ഒരുവിക്കറ്റിന്റെ അകലം കൂടി. 49ാം ഓവറിലെ അവസാന പന്ത് ജഡേജ ഒരു സിംഗിളെടുത്ത് വിജയലക്ഷ്യം ഏഴാക്കി ചുരുക്കി. അവസാന ഓവര്‍ എറിയാന്‍ എത്തിയത് ലോക ഒന്നാം നമ്പര്‍ ബൗളിങ് താരം റാഷിദ് ഖാന്‍. ആദ്യ റണ്‍സ് എടുക്കാതിരുന്ന ജഡേജ രണ്ടാം പന്ത് ഉയര്‍ത്തിയടിച്ചു. സിക്‌സറെന്ന് ഒറ്റനോട്ടത്തില്‍ തോന്നിച്ചെങ്കിലും അംപയര്‍ വിളിച്ചത് ഫോര്‍. ദൈവം അഫ്ഗാനൊപ്പമെന്ന് തോന്നിപ്പിച്ച നിമിഷം. നാലാംപന്തില്‍ ഖലീലിന്റെ വക സിംഗിള്‍. എന്നാല്‍ അഞ്ചാംപന്തില്‍ ജഡേജയ്ക്ക് പിഴച്ചു. റാഷിദിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ജഡേജയെ നജീമുല്ല സദ്രാന്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ ആവേശകരമായ മല്‍സരം സമനിലയില്‍ കലാശിച്ചു.
നേരത്തേ ഫൈനല്‍ മല്‍സരം ലക്ഷ്യമിട്ട ഇന്ത്യ അടിമുടി മാറ്റത്തോടെയാണ് കളത്തിലിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരം ധോണി ഇന്നലെ നായകവേഷം കെട്ടിയപ്പോള്‍ ധവാനെയും ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബൂംറയെയും പുറത്തിരുത്തി മനീഷ് പാണ്ഡെയെയും കെഎല്‍ രാഹുലിനെയും ദീപക് ചാഹറിനെയും സിദ്ധാര്‍ഥ് കൗളിനെയും ഖലീല്‍ അഹമദിനെയും ഇറക്കി കളി മെനഞ്ഞു. നായകവേഷത്തില്‍ ധോണിയുടെ 200ാം മല്‍സരമായിരുന്നു ഇത്.
കാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്.കൂടാതെ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന നേട്ടവും ധോണി സ്വന്തം പേരിലാക്കി. 37 വയസ്സും 80 ദിവസവും പ്രായമുള്ള ധോണി ഇന്ത്യയെ നയിക്കുന്ന 200 ാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്.36 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോള്‍ ന്യൂസിലന്‍ഡിനെതിരെ 1999ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലായിരുന്നു ഈ നേട്ടം ഇതുവരെ കുറിക്കപ്പെട്ടിരുന്നത്.
252 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക വേണ്ടി ആദ്യ വിക്കറ്റില്‍ കെ.എല്‍ രാഹുല്‍ അമ്പാട്ടി റായിഡു സഖ്യം 17.1 ഓവറില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ അനായാസ ജയം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 49 പന്തില്‍ 57 റണ്‍സെടുത്ത റായിഡുവിനെ മുഹമ്മദ് നബി പുറത്താക്കിയതോടെ ചെറിയൊരു തകര്‍ച്ച ഇന്ത്യയെ തേടിയെത്തി. രാഹുല്‍ (60), എംഎസ് ധോണി (8), മനീഷ് പാണ്ഡെ (8) എന്നിവര്‍ കൂടി പുറത്തായതോടെ ടീം ഇന്ത്യ നാലിന് 166. ദിനേഷ് കാര്‍ത്തിക്കും കേദാര്‍ ജാദവും മുന്നോട്ടു നയിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത ജാദവ് റണ്ണൗട്ടായതിനു തൊട്ടുപിന്നാലെ കാര്‍ത്തിക്കും (44) വീണതോടെ കളിമാറി. എന്നാല്‍ ജഡേജയും ചഹാറും ചേര്‍ന്ന് സിംഗിളുകളിലൂടെ മല്‍സരം പതിയെ ഇന്ത്യയ്ക്ക് അനുകൂലമാക്കി. എന്നാല്‍ അവസാന ഓവറില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
നേരത്തേ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഏഷ്യാകപ്പിലെ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി സെഞ്ച്വറി കണ്ടെത്തിയ ഓപണര്‍ മുഹമ്മദ് ഷഹ്‌സാദിന്റെ ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. താന്‍ ആരാധിക്കുന്ന, പിന്തുടരാന്‍ ആഗ്രഹിക്കുന്ന എം എസ് ധോണിയെ വിക്കറ്റിന് പിന്നില്‍ സാക്ഷിയാക്കിയാണ് ഇന്നലെ അഫ്ഗാന്‍ താരം സിക്‌സറുകളും ബൗണ്ടറികളും കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കിയത്. 116 പന്തില്‍ 11 ഫോറും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ അസോസിയേറ്റ് രാജ്യത്ത് നിന്നും ഇന്ത്യക്കെതിരേ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഷഹ്‌സാദ് മാറി. താരത്തിന്റെ അഞ്ചാം സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. 64 റണ്‍സെടുത്ത മുഹമ്മദ് നബി അര്‍ധ സെഞ്ച്വറിയും(64) സ്വന്തമാക്കി.
Next Story

RELATED STORIES

Share it