World

സൗദി രാജകൊട്ടാരത്തിന് സമീപത്തുകൂടെ പറന്ന ഡ്രോണ്‍ വെടിവച്ചിട്ടു

റിയാദ്: സൗദി അറേബ്യയിലെ രാജകൊട്ടാരത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട ചെറു ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ടു. 30 സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ശക്തമായ വെടിവയ്പിലാണ് ഡ്രോണ്‍ നിലംപൊത്തിയത്.  കളിക്കാനുപയോഗിക്കുന്ന ഡ്രോണ്‍ രാജകൊട്ടാരത്തിനു മുകളിലൂടെ പറന്നത് ഏറെ ഭീതി പരത്തി.
ഖുസാമ പ്രദേശത്തെ സുരക്ഷാ മേഖലയിലൂടെ അനധികൃതമായി പറന്ന ഡ്രോണിനെ പോലിസ് വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പോലിസ് വക്താവ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ ഡ്രോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണ നടപടികള്‍ക്ക് അന്തിമ രൂപമാവുന്നതു വരെ ഡ്രോണ്‍ പറത്തുന്നവര്‍ പ്രത്യേക അനുമതി വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.
വെടിവയ്പിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും പരിക്കോ എന്തെങ്കിലും നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസമയത്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊട്ടാരത്തിലുണ്ടായിരുന്നില്ലെന്നും ദിറിയയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നുവെന്നും കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ ജിദ്ദയിലെ ചെങ്കടല്‍തീരത്തെ രാജകൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it