Idukki local

സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

ചെറുതോണി: ശക്തമായ മഴയില്‍ ഇടുക്കി-നേര്യമംഗലം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. ഇടുക്കി-നേര്യമംഗലം സംസ്ഥാനപാതയില്‍ ലോവര്‍പെരിയാര്‍ വൈദ്യുതി നിലയത്തിന് സമീപം കരിമണല്‍ ഓഡിറ്റ് ഫോറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഗതാഗതം രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ടത്. വ്യാഴാഴ്ച  രാവിലെ ഏഴിനാണ് സംഭവം. ഇടുക്കി -കട്ടപ്പന ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഇരുവശത്തുമായി കുടുങ്ങിക്കിടന്നു. കരിമണല്‍ പോലിസും കോതമംഗലത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തടസം നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
കാലവര്‍ഷത്തില്‍ റോഡിലേക്കു വീണ മരങ്ങള്‍ മുറിച്ചുമാറ്റാത്തതിനാല്‍ ഗതാഗത തടസം  ഇവിടെ പതിവായി. കാലവര്‍ഷത്തിനു മുന്‍പ്  റോഡിന്റെ സൈഡുകളില്‍ നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണമെന്ന് ബന്ധപ്പെട്ട വകുപ്പധികാരികള്‍ നിര്‍ദേശിച്ചിരുന്നതാണ്. ഒരുമാസം മുമ്പുതന്നെ കാലവര്‍ഷമെത്തുമെന്ന മുന്നറിയിപ്പുണ്ടായപ്പോള്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വകുപ്പുമേധാവികളോട് നിര്‍ദേശം നല്‍കിയിരുന്നു. ഇതു വേണ്ടരീതിയില്‍ പരിഗണിക്കാത്തതിനാലാണ് ഇടുക്കി -നേര്യമംഗലം റോഡില്‍ മഴയിലും കാറ്റിലും മരങ്ങള്‍ വീണ് ഗതാഗത തടസം നിത്യസംഭവമാവുന്നത്. അട്ടിക്കളത്തിനും ചുരുളിക്കുമിടയില്‍ മിക്കസ്ഥലത്തും മരങ്ങള്‍ വീണ് ഗതാഗത തടസം ഉണ്ടായി.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നീണ്ടപാറ മുതല്‍ പാമ്പളക്കവല വരെ പത്തോളം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് യാത്രാതടസ്സമുണ്ടായി. വഴിതടസമുണ്ടായാല്‍ പകരം യാത്രചെയ്യാന്‍ പോക്കറ്റ് റോഡുപോലും ഇല്ലാത്ത സ്ഥലമാണ് ഇവിടം. മരങ്ങള്‍ വീഴുന്നതു മൂലം യാത്രാതടസം മാത്രമല്ല വൈദ്യുത കമ്പികള്‍ പൊട്ടിവീണ് ദുരന്തങ്ങളും ഉണ്ടാവാറുണ്ട്. കേബിളുകള്‍ മുറിഞ്ഞുപോവുന്നതിനാല്‍ വാര്‍ത്താ വിനിമയ ബന്ധവും തകരാറിലാകുന്നു. മരങ്ങള്‍ റോഡില്‍ വീണു തടസമുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സെത്തി വെട്ടിമാറ്റി താല്‍കാലിക സംവിധാനമൊരുക്കുന്നുവെന്നത് മാത്രമാണ് ആശ്വാസം.
Next Story

RELATED STORIES

Share it