ernakulam local

ശുചിത്വ കേരളത്തിന്റെ മറവില്‍ മണ്ണും മാലിന്യവും വില്‍ക്കുന്നു

പെരുമ്പാവൂര്‍: ശുചിത്വ കേരളവും സ്വച്ഛ ഭാരതവും  കൊണ്ടാടുന്നതിനിടയില്‍ പെരുമ്പാവൂര്‍ നഗരപരിധിയില്‍ നിന്നും മണ്ണും മാലിന്യവും വില്‍ക്കുന്നു. മുനിസിപ്പല്‍ ഉടമസ്ഥതയിലുള്ള പെരുങ്കുളം പുഞ്ചയില്‍ നിന്നും ഗവ. ആശുപത്രിക്ക് സമീപത്തെ ലോറി സ്റ്റാന്റില്‍ നിന്നും മണ്ണും, പലയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും ഭൂമാഫിയക്ക് മറിച്ച് വിറ്റ് ലക്ഷങ്ങളുടെ നേട്ടം കൊയ്യുന്നതായാണ് പരാതി.
വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതു സംബന്ധിച്ച് ചെയര്‍പേഴ്‌സനും സെക്രട്ടറിക്കും പരാതി നല്‍കി.
കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ മണ്ണ് വില്‍പനയെ തള്ളിപ്പറഞ്ഞങ്കിലും വില്‍പനയ്ക്ക് ചുക്കാന്‍ പിടിക്കുന്ന, ഭരണത്തിന് പുറത്ത് നിന്ന് പിന്തുണ നല്‍കുന്ന സ്വതന്ത്ര അംഗം ഉള്‍പെടുന്ന സംഘം സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇതുമായി മുന്നോട്ട് പോവുന്നത്.
വര്‍ഷങ്ങളായി നഗരസഭ മാലിന്യ നിക്ഷേപത്തിന് വാങ്ങിയ സ്ഥലങ്ങള്‍  ഉപയോഗിക്കാതെ തരിശ് കിടക്കുകയാണ്. പകരം നഗരത്തിലെ മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നികത്തലിന് കൈമാറുകയും അതിന് മുകളിലിടാവുന്ന മണ്ണും യന്ത്രങ്ങളും നഗരസഭ തന്നെ നല്‍കുകയും ചെയ്യുന്നുവെന്ന് മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ നഗരസഭയുടെ മാലിന്യം ഉപയോഗിച്ച് നികത്തിയ സ്ഥലത്ത് വ്യവസായങ്ങളും കല്ല്യാണമണ്ഡപങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
പെരുമ്പാവൂര്‍ ലോറി സ്റ്റാന്റിലും പെരുങ്കുളം പുഞ്ചയിലെയും 100 കണക്കിന് വരുന്ന ലോഡ് മണ്ണ് ഘട്ടം ഘട്ടമായാണ് കടത്തിയത്. രാത്രിയില്‍ ഇവിടെ നിന്ന് ലോറിയില്‍ മണ്ണ് പുറത്തേക്ക് പോവുന്നതായി പരിസരവാസികളും ലോറി സ്റ്റാന്റിലുള്ളവരും പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ നഗരസഭയുടെ ഉടമസ്ഥയിലുള്ള ലോറിയില്‍ മണ്ണ് പുറത്തേക്ക് കൊണ്ട് പോവുന്നത് പോലിസ് പിടിക്കുകയും നഗരസഭയുടെ വാഹനമായത് കൊണ്ട് കേസെടുക്കാതെ രാത്രി തന്നെ വിടുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി തലത്തിലും ഭരണതലത്തിലും നീക്കം തുടങ്ങിയതായി അറിയുന്നു. വികസനത്തെ ഒറ്റപ്പെടുത്തേണ്ടന്ന പതിവ് പല്ലവി ആവര്‍ത്തിച്ച് പ്രതിപക്ഷം ഭരണകക്ഷിക്ക് അനുകൂലമാംവിധം നിലപാടെടുക്കാനാണ് സാധ്യത. ഏതായാലും ഈ വിഷയം വരും ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
Next Story

RELATED STORIES

Share it