ശബരിമലയില്‍ സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കും: മുഖ്യമന്ത്രിപുനപ്പരിശോധനാ ഹരജി നല്‍കില്ല

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചു വിശ്വാസികള്‍ക്കിടയില്‍ നേരത്തേ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ സുപ്രിംകോടതി പരിശോധിക്കുകയും കോടതിയുടെ അന്തിമവിധി വരുകയും ചെയ്തു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് പറയുന്ന സന്ന്യാസികള്‍ അടക്കമുള്ള വിശ്വാസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മണ്ഡലകാലത്ത് സ്ത്രീകള്‍ അവിടെ വന്നേക്കാം. അപ്പോള്‍ അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സര്‍ക്കാരിന് സ്വീകരിക്കാനുള്ള നടപടി.
സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് വനിതാ പോലിസുകാരെ നിയോഗിച്ച് സംരക്ഷണം നല്‍കും. വേണ്ടിവന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പോലിസുകാരെയും ശബരിമലയില്‍ നിയോഗിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏതു സാഹചര്യത്തിലാണ് പുനപ്പരിശോധനാ ഹരജിയുടെ കാര്യം പറഞ്ഞതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹം തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോവില്ല എന്നൊക്കെ മാധ്യമങ്ങളോട് പറഞ്ഞത്. അത്തരമൊരു നിലപാട് സര്‍ക്കാര്‍ നിലപാടായി തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it