thrissur local

വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയില്‍

മാള: വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ മാള എസ്‌ഐ കെ ഒ പ്രദീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുത്തന്‍ചിറ പകരപ്പിള്ളിയില്‍ വെളുത്തേടത്ത്കാട്ടില്‍ മുഹമ്മദിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റുകള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതി പുത്തന്‍ചിറ വെള്ളൂര്‍ നാനാട്ടില്‍ ഹിഷാം(31) നെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19 ന് രാത്രിയിലാണ് മുഹമ്മദിന്റെ വീടിന് പിന്‍വശത്തുള്ള ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് എന്‍ഫീല്‍ഡ് ബൈക്കുകളും രണ്ട് സ്‌പോര്‍ട്‌സ് സൈക്കിളുകളും കോഴികളും കോഴിക്കൂടും വൈക്കോലുമുള്‍പ്പെടെ പ്രതി അഗ്‌നിക്കിരയാക്കിയത്.
ആറ് ലക്ഷം രൂപയുടെ വസ്തു വകകളാണ് പ്രതി വ്യക്തി വൈരാഗ്യം മൂലം തീവെച്ച് നശിപ്പിച്ചത്. മുഹമ്മദിന്റെ കുടുംബവുമായി അകല്‍ച്ചയുണ്ടായിരുന്ന ഹിഷാം മുഹമ്മദിന് ഏറ്റവും ഇഷ്ടപ്പെട്ട എന്‍ഫീല്‍ഡ് ബൈക്കുകള്‍ നശിപ്പിക്കുവാനായി തീരുമാനം എടുക്കുകയായിരുന്നു. രാത്രിയില്‍ പകരപ്പിള്ളിയില്‍ എത്തി കൈവശം കരുതിയിരുന്ന പെട്രോള്‍ വീടിന് പിന്‍ശത്തായി വെക്കുകയും സെക്കന്റ് ഷോ കാണുന്നതിനായി പോകുകയും ചെയ്തു. സിനിമ കണ്ട് തിരികെ എത്തിയ പ്രതി പെട്രോള്‍ ഒഴിച്ച് ബൈക്കുകള്‍ക്കും സൈക്കിളുകള്‍ക്കും കോഴിക്കൂടിനും തീകൊളുത്തുകയായിരുന്നു. തുടര്‍ന്നിയാള്‍ വീടിന് പിന്‍വശത്തുള്ള പാടശേഖരത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ഒടുവില്‍ ഹിഷാമിനെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് മുന്നില്‍ ഹിഷാം കുറ്റസമ്മതം നടത്തുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കാനൊരുങ്ങവേയാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ പെട്രോള്‍ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കന്നാസ് സമീപത്തുള്ള പാടത്ത് നിന്നും പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it