Editorial

വാര്‍ധക്യത്തില്‍ വേണ്ടത് പരിരക്ഷ

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു സര്‍വേ നടത്തുകയുണ്ടായി. വയോജനങ്ങളുടെ കാഴ്ചപ്പാടുകളെക്കുറിച്ചും മാതാപിതാക്കളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് മക്കള്‍ക്ക് എത്രത്തോളം ധാരണയുണ്ട് എന്നതിനെക്കുറിച്ചും മനസ്സിലാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം വൃദ്ധജനങ്ങളും സാമൂഹികജീവിതം നിലനിര്‍ത്തുന്നതിലും ദൈനംദിനകാര്യങ്ങളുടെ നിര്‍വഹണത്തിലും പ്രതിസന്ധി നേരിടുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്.
ഒക്ടോബര്‍ ഒന്ന് ലോക വൃദ്ധദിനമാണ്. വാര്‍ധക്യകാലത്ത് പരിചരണവും പരിഗണനയും ലഭിക്കേണ്ട വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതബോധവും അനാഥത്വവും സമൂഹത്തിന്റെ സത്വരശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഉചിതമായ സന്ദര്‍ഭമാണിത്. മക്കളുടെയും കുടുംബത്തിന്റെയും ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഉന്നതിക്കും ക്ഷേമത്തിനും വേണ്ടി അത്യധ്വാനം ചെയ്തവര്‍ വാര്‍ധക്യവേളയില്‍ നേരിടുന്ന അവഗണനയും ഒറ്റപ്പെടലും ഗൗരവമുള്ള വിഷയമായി കാണാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്.
വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും ജീവിതസായാഹ്നം തള്ളിനീക്കേണ്ടിവരുന്ന വയോജനങ്ങളുടെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. ഈയടുത്ത് കോഴിക്കോട് നഗരത്തില്‍ നിന്ന് മനസ്സ് നൊമ്പരപ്പെടുത്തുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട രണ്ടു ഡസനോളം വൃദ്ധജനങ്ങള്‍ നഗരത്തിലെ ബീച്ച് ആശുപത്രിയില്‍ കഴിയുന്നുണ്ടത്രേ. രോഗബാധിതരായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മുങ്ങുകയായിരുന്നു ബന്ധുക്കള്‍. കൂട്ടിരിക്കാനോ രോഗം ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്കു കൊണ്ടുപോവാനോ ബന്ധുക്കള്‍ വൈമുഖ്യം കാട്ടുകയായിരുന്നു. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍, അവരെ കൊണ്ടുപോവാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നാണ് മക്കള്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്. ഇങ്ങനെ വയോജനങ്ങളെ കൈയൊഴിഞ്ഞവരുടെ കൂട്ടത്തില്‍ ഒരു മുന്‍ ജഡ്ജിയുമുണ്ടത്രേ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടതള്ളപ്പെടുന്ന വയോധികരെക്കുറിച്ചുള്ള വാര്‍ത്തകളും ഇടയ്ക്കിടെ നാം വായിക്കാറുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട് രോഗശാന്തി ലഭിച്ചിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോവാത്തതിനാല്‍ അവിടെ തന്നെ ശിഷ്ടജീവിതം കഴിക്കേണ്ടിവരുന്ന ഹതഭാഗ്യരും ഏറെയുണ്ട്. സമ്പത്തും സമൃദ്ധിയുമുണ്ടായിട്ടും സ്വന്തം വീട്ടിനുള്ളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ മരണപ്പെട്ടുപോവുന്ന വൃദ്ധജനങ്ങളുടെ കഥകളും ഒറ്റപ്പെട്ടതല്ല.
വാര്‍ധക്യകാലത്ത് ഒറ്റപ്പെട്ടുപോവുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. അണുകുടുംബങ്ങളിലേക്ക് പരിവര്‍ത്തിതമായ നമ്മുടെ കുടുംബ-സാമൂഹിക പശ്ചാത്തലം ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള സംവിധാനമുണ്ടായിട്ടും വൃദ്ധജീവിതങ്ങള്‍ എന്തുകൊണ്ട് അനാഥമായിപ്പോവുന്നു എന്നും നാം ആലോചിക്കേണ്ടതുണ്ട്.



Next Story

RELATED STORIES

Share it