വാട്ട്‌സ്ആപ്പിന്റെ വ്യാപക ഉപയോഗം ഗുരുതര വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി പഠനം

ന്യൂഡല്‍ഹി: ഈയിടെ നടന്ന ആള്‍ക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്ത് വാട്ട്‌സ്ആപ്പിന്റെ വ്യാപക ഉപയോഗത്തില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതായി പഠനം. എല്ലാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇരയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് സൗകര്യമൊരുക്കിയത് സന്ദേശങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ അയക്കാന്‍ സാധിക്കുന്ന വാട്ട്‌സ്ആപ്പ് എന്ന മെസേജിങ് ആപ്ലിക്കേഷനാണ്.
രാജ്യത്ത് വാട്ട്‌സ്ആപ്പിന്റെ സ്വാധീനം കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരെയധികം വര്‍ധിച്ചതായി സര്‍ക്കാര്‍ ഏജന്‍സിയായ ലോക്‌നീതിയുടെ സിഎസ്ഡിഎസ്- മൂഡ് ഓഫ് ദി നാഷന്‍സ് (എംഒടിഎന്‍) നടത്തിയ സര്‍വേ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ വലിയൊരു വിഭാഗം ആളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു. സര്‍വേ റിപോര്‍ട്ട് പ്രകാരം ദിവസേന വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 2017ല്‍ 14 ശതമാനമായിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ അത് 24 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.  ഇതിന്റെ പ്രധാന കാരണങ്ങള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചതും ഇന്റര്‍നെറ്റ് തുച്ഛമായ നിരക്കില്‍ ലഭ്യമാവുന്നു എന്നതുമാണ്. സ്മാര്‍ട്ട് ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ നിരക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 10 ശതമാനത്തില്‍  നിന്നു 31 ശതമാനമായി ഉയര്‍ന്നു. നഗരപ്രദേശങ്ങളിലാണ് ഉപയോഗം കൂടുതല്‍. അതേസമയം, ഗ്രാമീണമേഖലയിലും വാട്ട്‌സ്ആപ്പ് ഉപയോഗം വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സജീവമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നഗരവാസികളേക്കാള്‍ ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കൂടുത ല്‍. കഴിഞ്ഞ വര്‍ഷത്തില്‍ ഗ്രാമീണ ഇന്ത്യക്കാര്‍ 6 ശതമാനം പേ ര്‍ മാത്രമാണ് വാട്ട്‌സ്ആപ്പ് ഉപയോഗിച്ചത്. ഈ വര്‍ഷം അത് 24 ശതമാനമായി.
ഉപയോക്താക്കളില്‍ പകുതിയിലധികവും 18 മുതല്‍ 25 വരെ പ്രായമുള്ളവരാണ്. വാട്ട്‌സ്ആപ്പ് ഉപയോഗം രാഷ്ട്രീയപ്പാര്‍ട്ടികളും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. 2017ല്‍ നടത്തിയ സര്‍വേയില്‍ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളില്‍ ആറില്‍ ഒരു ഭാഗം പേര്‍ ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്.
ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും നിരക്ക് കുറയുന്നതുകൊണ്ടുതന്നെ വാട്ട്‌സ്ആപ്പ് ഉപയോഗത്തിലുള്ള വര്‍ധന ഇനിയും തുടരും. എന്നാല്‍, അതിനനുസൃതമായി വര്‍ധിക്കുന്ന വ്യാജ വാര്‍ത്താ പ്രചാരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നിയമവ്യവസ്ഥയുടെ നിലനില്‍പിനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it