Alappuzha local

മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു



ചേര്‍ത്തല:  നഗരമധ്യത്തിലെ പാലത്തിന് സമീപം ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒലിച്ച് കനാലിലേക്ക് ഒഴുകി പോയിട്ട് അധികൃതര്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു. മാസങ്ങളായി നഗരഹൃദയത്തിലെ പാലത്തിന്റെ കല്‍ക്കെട്ടിനിടയിലൂടെ, പൈപ്പ് പൊട്ടി കുടിവെള്ളം കുത്തിയൊലിക്കുമ്പോഴും ജല അതോറിറ്റി ജീവനക്കാരും തൊഴിലാളികളും വിവരം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. ചേര്‍ത്തല പടയണിപ്പാലത്തിന്റെ പടിഞ്ഞാറെ കല്‍ക്കെട്ടിനിടയിലൂടെയാണ് വന്‍തോതി ല്‍ ജപ്പാന്‍ പദ്ധതിയിലെ കുടിവെള്ളം തോട്ടിലേക്ക് ഒഴുകുന്നത്. ജല അതോറിറ്റി ഓഫിസില്‍ പലതവണ വിളിച്ചുപറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. കടുത്ത വരള്‍ച്ച കാരണം, കുടിവെള്ളം ഒട്ടും പാഴാക്കരുതെന്ന ജല അതോറിറ്റിയുടെ പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പ്രതിദിനം പാഴാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്റ്  ഇരുമ്പുപാലം റോഡില്‍, പടയണിപ്പാലത്തിന് പടിഞ്ഞാറുവശം റോഡിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കല്‍ക്കെട്ടിന്റെ വിടവിലൂടെ വെള്ളം നേരെ തോട്ടിലേക്ക് ഒഴുകുന്നതിനാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍ പെടുന്നില്ലെന്ന് മാത്രം. ശുദ്ധീകരണശാലയില്‍ നിന്ന് സംഭരണികളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് ഇവിടെ വന്‍കുത്തൊഴുക്കാണ്. വലിയ പൈപ്പിലെ പൊട്ടലായതിനാല്‍, നഷ്ടമാവുന്ന വെള്ളത്തിന്റെ അളവും വലുതാണ്. ഈ നില തുടര്‍ന്നാല്‍ റോഡും പാലത്തിന്റെ കല്‍ക്കെട്ടും പൂര്‍ണമായി തകരുന്ന അവസ്ഥയാണ്.  ജപ്പാന്‍ കുടിവെള്ളത്തില്‍ മലിനജലവും കലരുന്നുണ്ടെന്ന് പരക്കെ ആക്ഷേപവും ഉണ്ട്.
Next Story

RELATED STORIES

Share it