malappuram local

ഭൂമാഫിയക്ക് പിന്നില്‍ റവന്യൂ: വനം വകുപ്പ് ഉദ്യോഗസ്ഥര്‍

അരീക്കോട്: ഊര്‍ങ്ങാട്ടിരിയിലെ ഓടക്കയം നിക്ഷിപ്ത വനഭൂമിയില്‍ ഏക്കര്‍ കണക്കിന് ഭുമി സ്വകാര്യവ്യക്തികള്‍ വ്യാജ പട്ടയം ഉണ്ടാക്കി കൈവശപ്പെടുത്തിയതായി രേഖകള്‍ ചൂണ്ടി കാട്ടി ആദിവാസികള്‍. അസൈന്‍ ചെയ്യാതെ മാറ്റിയിട്ട പാറയുള്‍പ്പെടുന്ന വനഭുമിയാണ് ഏറെയും കയ്യടക്കിയത്. ഡി നോട്ടിഫിക്കേഷന്‍ ചെയ്യാത്തതു മൂലം വനം വകുപ്പ് രേഖകളില്‍ വനഭൂമിയായി കിടക്കുന്ന ഭൂമിയാണു സ്വകാര്യ വ്യക്തികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തണ്ട പേര് മാറ്റി പട്ടയം സംഘടിപ്പിച്ച് വെറ്റിലപ്പാറ വില്ലേജില്‍ നികുതി അടച്ചു കൊണ്ടിരിക്കുന്നത്. വെറ്റിലപ്പാറ വില്ലേജ് ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഭൂമാഫിയകളില്‍ നിന്നും ക്വാറി നടത്തിപ്പ്കാരില്‍ നിന്നും പണം ലഭിക്കുന്നുണ്ടെന്നും ഇവരുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷിക്കാന്‍ തയ്യാറാകണമെന്നും രേഖകള്‍ സഹിതം പരാതി നല്‍കുമെന്നും ആദിവാസികള്‍ പറഞ്ഞു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ വില്ലേജില്‍ ഓടക്കയം ഭാഗത്താണു കൂടുതലായും ഭൂമി തട്ടിപ്പ് നടക്കുന്നത്. 8/2 സര്‍വ്വേ നമ്പറില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലാണു കൈയേറ്റം. വനഭൂമി നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനു കീഴില്‍പ്പെട്ട കുരീരി, നെല്ലിയായി, ഈന്തുംപാലി ,ചുണ്ടത്തും പൊയില്‍, വെണ്ടേക്കും പൊയില്‍ ഭാഗങ്ങളിലെ ഭൂമി കൈയേറ്റം നടത്തിയത് രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെയാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ആദിവാസി ഭൂമി തട്ടിയെടുത്തവരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുണ്ടെന്നും ഊര്‍ങ്ങാട്ടിരിയിലെ ചാത്തല്ലൂര്‍ ഭാഗത്ത് ആദിവാസി ഭൂമി ഏക്കര്‍ കണക്കിന് തട്ടിയെടുത്ത് സ്വന്തമാക്കിയത് പ്രമുഖ കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തിന്റെ ഭാര്യയും ആണെന്നും ആദിവാസികളുടെ ആരോപണം.
വെറ്റിലപ്പാറ വില്ലേജില്‍ നിന്നു തണ്ട പേര് മാറ്റി ഭൂമി സ്വന്തമാക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നു നിലമ്പൂര്‍ ഫഌയിങ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കണ്ടെത്തി നടപ്പടിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും വനം- റവന്യു ഒത്തുകളിയിലുടെ നടപടി വൈകുകയാണ്.
ഈന്തുംപാലി കോളനിയില്‍ ഉള്‍പ്പെടെ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ നിക്ഷിപ്ത വനഭൂമിയില്‍പ്പെട്ട ഭാഗങ്ങളിലെ പാറ ഉള്‍പ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കി നല്‍കാതെ മാറ്റിയിട്ടതായി രേഖകളില്‍ കാണുന്നു.78 ല്‍ താമസത്തിനും കുഷിക്കുമായി പതിച്ചു കൊടുക്കുന്നതിനായി റവന്യു വകുപ്പില്‍ നിന്നും നല്‍കിയ വനം ഭൂമി 1980ലെ വനം വകുപ്പ് ആക്ട് മറികടന്ന് മാറ്റിയതായി രേഖകളിലുണ്ട്. അസൈന്‍ ചെയ്തു കൊടുത്ത ഭൂമിയിലാണ് ഭൂമി പതിച്ചു നല്‍കിയെങ്കിലും ക്വാറിയും ക്രഷറും ഉള്‍പ്പെടെയുള്ള ഭൂമി വനഭുമിയില്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ഓടക്കയത്ത് വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച ജണ്ടകളില്‍ 40ശതമാനവും സ്വകാര്യ വ്യക്തികള്‍ പൊളിച്ചു മാറ്റിയത് പുനസ്ഥാപിക്കാന്‍ വനം വകുപ്പിലെ ചില ഉദ്യോസ്ഥര്‍ തയ്യാറാകാത്തത് സാമ്പത്തികം ലഭിച്ചതുകൊണ്ടാണ് ആദിവാസികള്‍ ആരോപിച്ചു. വനഭൂമിക്ക് ചുറ്റും ജണ്ടകള്‍ പുനസ്ഥാപിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്.

Next Story

RELATED STORIES

Share it