wayanad local

പ്രതിഷേധം ഫലം കണ്ടു : പെരുവകയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങില്ല



മാനന്തവാടി: നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പെരുവകയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്ന പനമരം ബിവറേജസ് ഔട്ട്‌ലെറ്റിന് മുറികള്‍ വിട്ടുനല്‍കില്ലെന്ന് കടയുടമ അധികൃതരെ അറിയിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പതിമൂന്നാം വാര്‍ഡില്‍പെട്ട 663 മുതല്‍ 666 വരെ മുറികളായിരുന്നു ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനായി നല്‍കാന്‍ കെട്ടിട ഉടമ സമ്മതപത്രം നല്‍കിയിരുന്നത്. എന്നാല്‍, പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടര്‍ന്നും ജനവികാരം മാനിച്ചും മുറികള്‍ നല്‍കാന്‍ സമ്മതമല്ലെന്നും നേരത്തെ നല്‍കിയ സമ്മതപത്രം പിന്‍വലിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുമാണ് കെട്ടിട ഉടമ ജില്ലാ കലക്ടര്‍, എക്‌സൈസ് കമ്മീഷണര്‍, ബീവ്‌കോ മാനേജര്‍ എന്നിവര്‍ക്ക് ഇന്നലെ വൈകീട്ട് കത്ത് നല്‍കിയത്. പ്രദേശത്ത് സമരം നടത്തുന്ന സമരസമിതി ഭാരവാഹികളും ജനപ്രതിനിധികളുമുള്‍പ്പെടെയുള്ള സമരത്തെ പിന്തുണയ്ക്കുന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയത്. ജനവാസകേന്ദ്രവും ഗ്രാമപ്രദേശവുമായ പെരുവകയിലേക്ക് പനമരം ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റാനുള്ള നീക്കം അന്തിമ ഘട്ടത്തിലെത്തിയതോടെയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം ആളിക്കത്തിയത്. നേരത്തെ വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിച്ചുവന്ന ഔട്ട്‌ലെറ്റാണ് പെരുവകയിലേക്ക് മാറുന്നതെന്നായിരുന്നു പ്രചാരണം. എന്നാല്‍, സുപ്രിംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പനമരം ഔട്ട്‌ലെറ്റാണ് പെരുവകയിലേക്ക് മാറുന്നതെന്നതറിഞ്ഞതോടെ ഏതുവിധേനയും ഇത് തടയുന്നതിനായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. മദ്യഷാപ്പിനെതിരേ ഈ മാസം 21നാണ് പ്രദേശവാസികള്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. ഇന്നലെ രാവിലെ മുതല്‍ കമ്മന റോഡ് കുട്ടികളും കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപരോധിച്ചു കൊണ്ട് 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി. സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ പി എന്‍ ഷാജുവിനെ സമരക്കാര്‍ ഉപരോധിച്ചതുള്‍പ്പെടെ ശക്തമായ ജനവികാരമായിരുന്നു പ്രദേശവാസികള്‍ പ്രകടിപ്പിച്ചത്. കൗണ്‍സിലര്‍മാരായ സ്‌റ്റെര്‍വിന്‍ സ്റ്റാനി, ജേക്കബ് സെബാസ്റ്റ്യന്‍, മുജീബ് കോടിയോടന്‍, സമരസമിതി നേതാക്കളായ എം പി ശശികുമാര്‍, ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, അഡ്വ. ജോസ് കുമ്പക്കല്‍, പി എം ബെന്നി, അസീസ് വാളാട്, പൗലോസ് മുട്ടന്‍തോട്ടില്‍, എ എം നിശാന്ത്, ഫാ. ജോസഫ് കാഞ്ഞിരമലയില്‍, ജോസ് പുന്നക്കല്‍, ജില്‍സണ്‍ തൂപ്പുംകര നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it