പൊന്നാനിയുടെ ഹിന്ദുസ്ഥാനി സംഗീത വേരുകള്‍ അബ്ദുല്‍ റസാഖ് ഹാജിയില്‍

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

പൊന്നാനി: മാലകളും മൗലിദുകളും ഖവ്വാലിയും ഒരേ ഞെട്ടില്‍. അതാണു പൊന്നാനി. പൊന്നാനിയുടെ ഈ സംഗീതപാരമ്പര്യത്തിലേക്ക് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതീന്ദ്രിയ ലഹരി പകര്‍ന്നത് 1920കളില്‍ വലിയ ജുമാമസ്ജിദിനു സമീപം താമസിച്ച കവിയും ഗായകനുമായ അബ്ദുല്‍ റസാഖ്. ഫെബ്രുവരിയില്‍ ഇറങ്ങുന്ന 'പൊന്നാനി ചരിത്രപൈതൃകത്തിന്റെ സുവര്‍ണരേഖ' ഗ്രന്ഥത്തിലാണ് എഴുത്തുകാരന്‍ കെ എ ഉമ്മര്‍കുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്.
പൊന്നാനിയുടെ 1000 വര്‍ഷത്തെ സൂക്ഷ്മചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥത്തി ല്‍ പ്രശസ്ത ചരിത്രകാരന്‍  ഡോ. എം ജി എസ് നാരായണന്‍ ഉള്‍പ്പെടെയുള്ള 20ഓളം വ്യക്തികള്‍ വിവിധ വിഷയങ്ങള്‍ രേഖപ്പെടുത്തുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന് പുകള്‍പെറ്റ പൊന്നാനിയില്‍. ഇ കെ അബൂബക്കര്‍ മുതല്‍ ഖലീല്‍ഭായ് വരെ ഗായകരുണ്ട്. ഇവര്‍ക്കെല്ലാം മുമ്പ് പൊന്നാനിയി ല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിത്തുകള്‍ പാകിയതാര്? കവികൂടിയായ അബ്ദു ല്‍ റസാഖ് എന്ന ഗായകനിലെത്തിനില്‍ക്കുന്നു അന്വേഷണം.
പൊന്നാനിയിലെ സംഗീതപാരമ്പര്യത്തിന്റെ തുടക്കക്കാരന്‍ അബ്ദുല്‍ റസാഖ് ഹാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ഏറെ  പ്രാധാന്യമര്‍ഹിക്കുന്ന ആളാണ് മേഘരൂപനെപ്പോലൊരു ഗായകനും കവിയുമായ  അബ്ദുല്‍ റസാഖ് ഹാജി.
ബൈത്ത്, മാല, മൗലിദ്, മാപ്പിളപ്പാട്ട് എന്നിവകളുടെ കേന്ദ്രമായ പൊന്നാനിയില്‍ ഹിന്ദുസ്ഥാനി സംഗീതവും പ്രചരിച്ചു. ഹാര്‍മോണിയവുമായി റസാഖ് ഹാജി മേഘരൂപനെപ്പോലെ നാടുകളില്‍ അലയും. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരുക്കനാക്കിത്തീര്‍ത്ത ജീവിതത്തെ സംഗീതത്താല്‍ തളിരിട്ടതാക്കി റസാഖ്. പൈസയൊന്നും കൈയില്‍ വയ്ക്കാറില്ല. കിട്ടിയത് പാവങ്ങള്‍ക്കു കൊടുക്കും. അരിയായും ഭക്ഷണമായും.
പൊന്നാനിക്കു ചുറ്റിലുമാണ് ഹാര്‍മോണിയവും തൂക്കി കാല്‍നടയായി റസാഖ് സഞ്ചരിക്കുന്നത്. കവലകളിലും ആളുകള്‍ കൂടുന്നിടത്തും ഖവാലികള്‍ പാടും. സ്വന്തം രചനകളാണ് പാടുക. ഒരു സൂഫിയെപ്പോലെ ആത്മാന്വേഷണത്തിന്റെ പാടിപ്പറച്ചിലുകളായിരുന്നു അതൊക്കെയും.
നാടായ നാടൊക്കെ ഇച്ചമസ്താനെപ്പോലെ റസാഖ് അലഞ്ഞു. ഒരുനാള്‍  കൊയിലാണ്ടിയിലെത്തി. നാട്ടുകാര്‍ പള്ളിക്കടുത്ത് ഖവാലി പാടാന്‍ അവസരം നല്‍കി. പാട്ട് കേട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് ഗായകനെ പെരുത്തിഷ്ടമായി. തങ്ങള്‍ ഭക്ഷണം നല്‍കി, വീടിനടുത്ത് പാര്‍പ്പിച്ചു. കല്യാണവും കഴിപ്പിച്ചു.  ചെന്നെത്തിയത് ബോംബെയില്‍. ഹജ്ജിന് പോവുന്ന കപ്പല്‍സംഘത്തില്‍ പാട്ടു പാടി ഹജ്ജിനു പോയി. പണമില്ലാത്ത യാത്ര. കൈയില്‍ ആകെയുള്ളത് ഖവാലികള്‍. തിരിച്ചെത്തിയത് 25 രൂപയുമായാണ്. നേരം വെളുക്കുവോളം പാടിയതിന് ആരൊക്കെയോ സമ്മാനിച്ചത്.1958ല്‍ റസാഖ് ഹാജി മരിച്ചു. 85 വയസ്സായിരുന്നു. 1920 മുതല്‍ 50കള്‍ വരെയാണ് സംഗീതജീവിതത്തിലെ സുവര്‍ണകാലം. പൊന്നാനിയുടെ ചരിത്രങ്ങളിലൊന്നും ഇങ്ങനെയൊരു ഗായകനെ അടയാളപ്പെടുത്തിയിട്ടില്ലായിരുന്നു.
Next Story

RELATED STORIES

Share it