kozhikode local

പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് 14 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി

കോഴിക്കോട്: ഫറോക്ക് നഗരസഭയില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍സ്ഥാപിക്കുന്നതിന് 14 കോടിയുടെ പ്രവൃത്തിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിലഭിച്ചതായി വി കെ സി മമ്മദ്‌കോയ എംഎല്‍എ അറിയിച്ചു. ഇതോടെ ഫറോക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാത്ത എല്ലാ പ്രദേശങ്ങളിലും പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ഫറോക്കില്‍ നിന്നും പെരുമുഖം ചെത്തലത്ത് പറമ്പിലെ 22.89 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള (ഒഎച്ച് ടാങ്കിലേക്ക്) ഉപരിതല സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പ്രധാന പൈപ്പ് ലൈനും പമ്പിങ് മെയിന്‍ വിതരണ ശൃംഖല, ബ്ലൂസ,്റ്റാര്‍ പമ്പിങ് സ്റ്റേഷന്‍, ഒഎച്ച് ടാങ്കില്‍നിന്നും അധികജലം ഒഴിവാക്കുന്നതിനുള്ള ലൈന്‍ സ്ഥാപിക്കല്‍, ട്രാന്‍സ്‌ഫോര്‍മര്‍, ബ്ലൂസ്റ്റാര്‍ പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കുന്നതിനാണ് വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിലവില്‍ മെയിന്‍ ലൈനില്‍ നിന്നും നേരിട്ടാണ് ജലവിതരണം നടത്തുന്നത്.
ഇത് പൈപ്പുകള്‍ പൊട്ടുന്നതിനും ജലവിതരണം തടസ്സപെടുന്നതിനും ഇടയാക്കുന്നുണ്ട്.പെരുമുഖം ടാങ്കില്‍ വെള്ളമെത്തുന്നതോടെ മുനിസിപ്പാലിറ്റിയിലെ എല്ലാ പ്രദേശത്തും തടസ്സമില്ലാതെ വെള്ളമെത്തും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന എംഎല്‍എയുടെ ആവശ്യത്തെ തുടര്‍ന്നാണ് 2017-18 വര്‍ഷത്തെ ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ 14 കോടി  ആവശ്യമായി വന്നു. അധികതുക കൂടി അനുവദിക്കണമെന്ന എംഎല്‍എയുടെ ആവശ്യം പരിഗണിച്ചാണ് 14 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയത്.
കഴിഞ്ഞ  എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പെരുമുഖത്ത് ഒഎച്ച് ടാങ്ക് നിര്‍മിക്കുന്നതിന് 2. 55 കോടിയും ഫറോക്ക് കരുവന്‍തിരുത്തി മേഖലയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപയും എളമരം കരീം എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍നിന്നും രണ്ടു കോടിയും അനുവദിച്ചാണ് കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
മുനിസിപ്പാലിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഒരു കോടിയോളം രൂപ നീക്കിവെച്ചിരുന്നു. 14 കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പെരുമുഖം ടാങ്കില്‍ നിന്നും ഫറോക്ക് കരുവന്‍തിരുത്തി മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവും വിധം എല്ലാ ഭാഗത്തും വെള്ളമെത്തിക്കാന്‍ കഴിയും. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി എത്രയും വേഗം ടെണ്ടര്‍ ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എയുടെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it