പി ജയരാജന്‍ വിരുദ്ധര്‍ പുറത്ത്; അഞ്ചു പുതുമുഖങ്ങള്‍

കണ്ണൂര്‍: സംസ്ഥാന സമ്മേളനത്തില്‍ ഉള്‍പ്പെടെ വിമര്‍ശനത്തിനിരയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വിരുദ്ധചേരിയിലുള്ളവര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നു പുറത്ത്. ഇന്നലെ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പിബി അംഗം പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തില്‍ 11 അംഗ സെക്രട്ടേറിയറ്റിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തപ്പോഴാണ് പി ജയരാജന്റെ എതിരാളികള്‍ കൂട്ടത്തോടെ പുറത്തായത്.
വനിതകളില്‍ ആര്‍ക്കുംതന്നെ സെക്രേട്ടറിയറ്റില്‍ സ്ഥാനം നല്‍കിയില്ലെങ്കിലും അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയതില്‍ എല്ലാവരും ശക്തരായ ജയരാജന്‍ അനുകൂലികളാണ്. നിലവിലെ സെക്രട്ടേറിയറ്റംഗങ്ങളായ ധര്‍മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍, ഒ വി നാരായണന്‍, പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍, വി നാരായണന്‍, തളിപ്പറമ്പിലെ കെ എം ജോസഫ് എന്നിവരെയാണ് ഒഴിവാക്കിയത്. സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ടി കൃഷ്ണനെ നേരത്തേ ഒഴിവാക്കിയിരുന്നു. ടി ഐ മധുസൂദനന്‍, പി ഹരീന്ദ്രന്‍, ടി കെ ഗോവിന്ദന്‍, പി പുരുഷോത്തമന്‍, പി വി ഗോപിനാഥ് എന്നിവരാണ് പുതുതായി എത്തിയവര്‍.
പയ്യന്നൂരില്‍ നിന്നുള്ള സി കൃഷ്ണനെ മാറ്റി പകരമെത്തിയത് ടി ഐ മധുസൂദനനാണ്. മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കിയതിലൂടെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സി കൃഷ്ണനെതിരേ രംഗത്തെത്തുകയും ചെയ്ത ടി ഐ മധുസൂദനന്‍ പി ജയരാജന്റെ ശക്തനായ അനുകൂലിയാണ്. ജയരാജന്റെ ശൈലിയില്‍ പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കുന്ന യുവനേതാവെന്ന നിലയില്‍ മധുസൂദനന്റെ വരവ് ഏറെ അനുകൂലമാവും. അതേസമയം, ഫസല്‍ വധക്കേസ് ഗൂഢാലോചന പ്രതിയായതിനാല്‍ സിബിഐ കോടതിയുടെ വിലക്ക് കാരണം ജില്ലയില്‍ താമസിക്കാനാവാതെ എറണാകുളത്ത് കഴിയുന്ന കാരായി രാജനെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. തുടരുന്ന സെക്രട്ടേറിയറ്റംഗങ്ങളായ മുന്‍ എംഎല്‍എ എം പ്രകാശന്‍, പാര്‍ട്ടി പത്രത്തിന്റെ കണ്ണൂര്‍ മാനേജര്‍ എം സുരേന്ദ്രന്‍, വല്‍സന്‍ പാനോളി, ജില്ലാ ഓഫിസ് ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ ഏരിയയിലെ എന്‍ ചന്ദ്രന്‍ എന്നിവരെല്ലാം ശക്തമായി പി ജയരാജനെ പിന്തുണയ്ക്കുന്നവരാണ്. ഒരുഘട്ടത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ പി ജയരാജനെതിരേ വിമര്‍ശനമുയര്‍ന്നപ്പോള്‍ എന്‍ ചന്ദ്രനാണ് പ്രതിരോധിച്ചത്. വ്യക്തിപൂജ വിവാദത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പി ജയരാജനെതിരായ നടപടി കീഴ്ഘടകങ്ങളിലേക്കു റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ശക്തമായ പിന്തുണ കാരണം മരവിപ്പിക്കേണ്ടി വന്നിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നിരന്തര വിമര്‍ശനത്തിനിടയാക്കുമ്പോഴും പി ജയരാജന്‍ സിപിഎമ്മിലെ കണ്ണൂരിലെ അനിഷേധ്യനായി ഉയരുന്നുവെന്നാണു സെക്രട്ടേറിയറ്റ് അംഗങ്ങളൂടെ പൂര്‍ണ പിന്തുണ വ്യക്തമാക്കുന്നത്. യോഗത്തില്‍ എം വി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it