malappuram local

പമ്പിങ് നീളും; കുടിവെള്ള പ്രതിസന്ധി രൂക്ഷം

അരീക്കോട്: ചാലിയാര്‍ മലിനമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുടിവെള്ള വിതരണം തുടരാന്‍ തീരുമാനമായില്ല. ദിവസങ്ങള്‍ക്കുമുമ്പാണ് ചാലിയാറിലെ വെള്ളത്തിന് പച്ച നിറമായതിനെ തുടര്‍ന്ന് വിദഗ്ധ സമിതി വെള്ളം ശേഖരിച്ച് കോഴിക്കോട് ലാബില്‍ പരിശോധന നടത്തിയത്.
പരിശോധനാ ഫലത്തിനുശേഷം ചാലിയാറിലെ വെള്ളം നേരിട്ട് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കക്കൂസ് മാലിന്യങ്ങളും മറ്റും പുഴയിലേക്ക് തള്ളുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായി പറയുന്നത്. അരീക്കോട് ടൗണ്‍ ഭാഗത്തുനിന്നുള്ള കടകള്‍, ഹോട്ടല്‍, കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നു ഒഴിവാക്കുന്ന മലിന ജലം ഓടയിലൂടെ ചാലിയാര്‍ പുഴയിലേക്കാണ് ഒഴുകുന്നത്.
ജലം മലിനമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഓടകളുടെ സ്ലാബ് തുറന്നു പരിശോധന നടത്തിയപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് മലിനജലം പുഴയിലേക്ക് ഒഴിവാക്കുന്നത് കണ്ടത്തിയിരുന്നു. എന്നാല്‍, ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം പരിശോധന നിര്‍ത്തിവച്ചതായിട്ടാണ് വിവരം. ഇപ്പോഴും കടകളില്‍ നിന്നുള്ള മാലിന്യം ഓടയിലൂടെ ചാലിയാറിലേക്കാണ് തള്ളുന്നത്. ബന്ധപ്പെട്ടവര്‍ പരിഹാര നടപടി സ്വീകരിക്കാത്തതിനാല്‍ ജനങ്ങള്‍ സമരരംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. വാഴക്കാട് പഞ്ചായത്തില്‍ പുഴയോരത്ത് വ്യാപകമായി നടത്തുന്ന കൃഷിയില്‍ മാരക കീടനാശിനികള്‍ തളിക്കുന്നത് ജലമലിനീകരണത്തിന് കാരണമാണെന്ന് പഞ്ചായത്ത് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.  പമ്പിങ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. ചില ഭാഗങ്ങളില്‍ ഫില്‍ട്ടറിങ് സംവിധാനം നിലവിലില്ലാത്തതു കാരണം പമ്പിങ് തുടരാന്‍ സാധ്യമല്ലാത്ത അവസ്ഥയാണ്. മികച്ച ശുദ്ധീകരണ പ്ലാന്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പമ്പിങ് നടക്കുന്നത്. എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്ലാന്റ് ഇല്ലാത്ത ഭാഗങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വെള്ളം താല്‍ക്കാലികമായി പമ്പിങ് നടത്തുന്നുണ്ട്.
അത്തരത്തിലുള്ള പമ്പിങ് പാടില്ലെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിച്ചിരുന്നു. പുതിയ പ്ലാന്റ് നിര്‍മാണത്തിന് കാലതാമസം നേരിടുമെന്നതുകൊണ്ട് അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ വൈകുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it