kozhikode local

പഠനം തുടരാനുള്ള മോഹവുമായി ആസിം സമരമുഖത്തേക്ക്‌

കോഴിക്കോട്: പഠനം തുടരാനുള്ള ആസിമിന്റെ പോരാട്ടത്തിന് പരിഹാരമായില്ല. സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ജന്മനാ ഇരു കൈകളും കാലുകളുമില്ലാത്ത മുഹമ്മദ് ആസിം  പഠിക്കുന്ന യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള പോരാട്ടവുമായി നാട്ടുകാര്‍ ഇന്ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നു. ജസ്റ്റിസ് ഫോര്‍ ആസിം എന്ന പേരില്‍ നാട്ടകാര്‍ നടത്തുന്ന സമരപരിപാടികളുടെ രണ്ടാം ഘട്ടമായാണ് ധര്‍ണയെന്ന് ഭാരവാഹികളും ആസിമും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്റെ മാത്രം ആവശ്യത്തിനല്ല പോരാട്ടം, നാട്ടുകാരുടെ കൂടി ആവശ്യത്തിനാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്- ആസിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹൈസ്‌കൂളായി ഉയര്‍ത്തിയില്ലെങ്കില്‍ പഠനം നിര്‍ത്തുകയേ മാര്‍ഗമുള്ളുവെന്നും ആസിം പറയുന്നു. ധര്‍ണ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സഹോദര പുത്രന്‍ ശൈഖ് ദാവൂദ് ഉദ്ഘാടനം ചെയ്യും.
പരിഹാരമായില്ലെങ്കില്‍ സമരം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് അവര്‍ അറിയിച്ചു. മാര്‍ച്ച് 26 ന് സ്‌കൂള്‍ പരിസരത്ത് ഒരു കിലോമീറ്റര്‍ നീളമുള്ള മനുഷ്യ മതില്‍ തിര്‍ത്തിരുന്നു. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ഗവ. യുപി സ്‌കൂള്‍ ആസിമിന്റെ വിഷമം കൂടി കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കി ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാണ് അപ്ഗ്രഡേഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.ഇതിനായി രണ്ടു തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഓമശ്ശേരി പഞ്ചായത്തില്‍ വേറെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്ല. ആദ്യം എല്‍പി സ്‌കൂളായിരുന്ന ഇത് ആസിമിനു വേണ്ടിയാണ് യുപിയായി ഉയര്‍ത്തിയത്. അധ്യപകരുടെ ശമ്പളം അടക്കമുള്ള മറ്റു സൗകര്യങ്ങളെല്ലാം പിടിഎ കമ്മിറ്റിയാണ് നല്‍കുന്നത്.
ഹൈസ്‌കൂളായി ഉയര്‍ത്തിയാലും കെട്ടിടവും മറ്റും ഒരുക്കാന്‍ തയ്യാറാണ്. 450ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. ആസിമിനൊപ്പം ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സര്‍ത്താജ് അഹ്മദ് വെളിമണ്ണ, ചെയര്‍മാന്‍ കെ മുഹമ്മദ് അബ്ദുര്‍റഷീദ്, സീനിയര്‍ ഡിഫന്‍സ് ജേണലിസ്റ്റ് ഡോ. അനന്ത കൃഷ്ണന്‍, പി ഗോവിന്ദന്‍, മൂജീബ് കുനിമ്മല്‍, പിതാവ് സഈദ് യമാനി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it