നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിക്ക്് 156 കോടിയുടെ ലാഭം

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നികുതികള്‍ കഴിച്ച് 156 കോടി രൂപയുടെ ലാഭം നേടി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള കമ്പനി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വിമാനത്താവള കമ്പനി നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തു.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 553.42 കോടിയുടെ വിറ്റുവരവ് സിയാല്‍ നേടിയിട്ടുണ്ട്. 387.92 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനലാഭം. മുന്‍ സാമ്പത്തികവര്‍ഷം ഇത് 298.65 കോടിയായിരുന്നു. 30 രാജ്യങ്ങളില്‍ നിന്നായി 18,000ല്‍ അധികം നിക്ഷേപകരുള്ള വിമാനത്താവള കമ്പനി 2003-04 സാമ്പത്തികവര്‍ഷം മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ലാഭവിഹിതമായി 31.01 കോടി രൂപ നല്‍കി. നിലവില്‍ നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് മടക്കിനല്‍കിക്കഴിഞ്ഞു.
സപ്തംബര്‍ 3ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് വാര്‍ഷികയോഗം. രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാംസ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാമതുമുള്ള സിയാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തി ല്‍ ചരിത്രത്തിലാദ്യമായി ഒരുകോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു. ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാവുന്ന വന്‍ പുരോഗതി കണക്കിലെടുത്ത് ആറുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ആഭ്യന്തര ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി ഉടനെ തുറന്നുകൊടുക്കും.
Next Story

RELATED STORIES

Share it