palakkad local

നവീകരണം; തൂതപ്പുഴ തടയണ തുറന്നു

പട്ടാമ്പി: തൂതപ്പുഴയില്‍ പുലാമന്തോള്‍ പാലത്തിന് താഴെയുള്ള തോണിക്കടവ് തടയണ നവീകരണ പ്രവൃത്തികളുടെ ഭാഗമായി തുറന്നു. കൊടും ചൂടിലമര്‍ന്ന പ്രദേശങ്ങള്‍ക്ക് ജലസമൃദ്ധി നല്‍കിയാണ് നീരൊഴുക്ക് പ്രവഹിക്കുന്നത്. നാല് ദിവസത്തിനകം തടയണ കാലിയാവും. തുടര്‍ന്ന് നവീകരണ പ്രവൃത്തി തുടങ്ങും. എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ തടയണയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പാലക്കാട്  ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് തടയണ നവീകരിക്കുന്നത്. 2014ല്‍ നിര്‍മിച്ച തടയണയില്‍ കാണപ്പെട്ട  തകരാറ് പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് പ്രവൃത്തി നടത്തുന്നത്. നിലവില്‍ വിളയൂര്‍ മുതല്‍ രണ്ടര കിലോമീറ്റര്‍ വരുന്ന കട്ടുപാറ വരെ പുഴയില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒറ്റയടിക്ക് തുറന്നുവിട്ടാല്‍ തടയണയുടെ താഴെയുള്ള പുഴയോരവാസികള്‍ക്കും താല്‍കാലിക തടയണകള്‍ക്കും ഭീഷണിയാവും  എന്നതിനാലാണ് നാലു ദിവസങ്ങളിലായി തടയണ തുറന്നിടുന്നത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. രണ്ടര കോടിയോളം രൂപ ചെലവിട്ട് തടയണ നിര്‍മിച്ച കാലത്ത് ആരോപണങ്ങളും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. സര്‍ക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപോര്‍ട്ടാണ് വിജിലന്‍സ് പുറത്തുവിട്ടത്. ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് നവീകരണത്തിന് തുക അനുവദിച്ചത്. പ്രവൃത്തികളുടെ മുന്നോടിയായി പട്ടാമ്പി ബ്ലോക്ക് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഗോപകുമാര്‍, വിളയൂര്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തടയണയില്‍ പരിശോധന നടത്തി. മേയ് രണ്ടിന് ആരംഭിക്കുന്ന പ്രവൃത്തികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it