Flash News

തെരുവില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് മണികണ്ഠന്‍

സുധീര്‍  കെ  ചന്ദനത്തോപ്പ്
കൊല്ലം: തെരുവില്‍ ഭിക്ഷയാചിച്ച് ഒടുങ്ങുമായിരുന്ന മണികണ്ഠന്റെ ജീവിതം സ്‌പെയിനിലെ റയല്‍ മാഡ്രിഡ് ഫുട്‌ബോ ള്‍ മൈതാനം സ്വപ്‌നം കാണുമ്പോള്‍ പറയാന്‍ ഒരുപാടു കഥകളുണ്ട്; കഷ്ടപ്പാടിന്റെയും അതിജീവനത്തിന്റെയും.
ഓച്ചിറക്കളിക്കിടെ ഭിക്ഷയാചിക്കാനിരിക്കുന്നവരെ നിരീക്ഷിക്കുന്നതിനിടെയാണ് മണികണ്ഠന്‍ ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കിയത്. ഓച്ചിറക്കളിക്കെത്തിയ പലരോടും കൈനീട്ടുകയായിരുന്ന ഏഴു വയസ്സുകാരനെക്കുറിച്ച് അവര്‍ തിരക്കി. അമ്മയോടൊപ്പം കടവരാന്തയിലാണ് ഉറക്കം. മറ്റുള്ളവരുടെ കാരുണ്യത്താലാണ് ഇരുവരുടെയും ജീവിതം. ഉദ്യോഗസ്ഥര്‍ തിരികെ കൊല്ലത്തേക്കു വരുമ്പോള്‍ അവനെയും ഒപ്പം കൂട്ടി. തിരക്കിയിട്ടും അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൊല്ലത്തെ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ മണികണ്ഠന്‍ ഏഴു വര്‍ഷത്തിനുശേഷം ഇപ്പോള്‍ തന്റെ തെരുവുജീവിതം മറന്ന് ജൂലൈയില്‍ റയല്‍ മാഡ്രിഡിലേക്ക് പറക്കാനൊരുങ്ങുകയാണ്. പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഒരുമാസത്തെ ഫുട്‌ബോള്‍ പരിശീലനത്തിനായി. ഇതിനുള്ള തയ്യാറെടുപ്പിലാണ് ഈ 14കാരന്‍.
ഏഴുവര്‍ഷം മുമ്പ് ശിശുസംരക്ഷണ സമിതി ഏറ്റെടുത്ത മണികണ്ഠനെ മുണ്ടയ്ക്കലുള്ള ചില്‍ഡ്രന്‍സ് ഹോമിലാണ് പാര്‍പ്പിച്ചത്. ഇവിടത്തെ സൂപ്രണ്ട് ഷാജഹാന്‍ കുട്ടികളെ ഫാത്തിമാ മാതാ നാഷനല്‍ കോളജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ കൊണ്ടുപോയിരുന്നു. ഇവിടെ വച്ചാണ് മണികണ്ഠന് ഫുട്‌ബോളിനോടുള്ള അഭിരുചി വര്‍ധിച്ചത്. ഇതിനിടെ ബ്ലാക്ക്‌പേള്‍ എന്ന ഫുട്‌ബോള്‍ ക്ലബ് കുട്ടികള്‍ക്കായി ഫുട്‌ബോ ള്‍ ട്രെയിനിങ് ക്യാംപ് സംഘടിപ്പിച്ചു. ഇതിന്റെ കോച്ചായിരുന്ന എം ബി അഭിലാഷാണ് മണികണ്ഠനിലെ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിഞ്ഞത്. ഇദ്ദേഹം പിന്നീട് അവനെ അണ്ടര്‍ 16 ലീഗ് ഫുട്‌ബോള്‍ യോഗ്യതാമല്‍സരത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി. ഫുട്‌ബോ ള്‍ പ്ലസ് എന്ന സോക്കര്‍ ക്ലബ് നടത്തുന്ന അണ്ടര്‍ 16 ലീഗില്‍ ഇടംനേടിയ മണികണ്ഠന്‍ ഇപ്പോ ള്‍ ചെന്നൈയിലാണ്.
അമേരിക്കയിലെയും സ്‌പെയിനിലെയും ഫുട്‌ബോള്‍ അക്കാദമികളുമായി സഹകരിക്കുന്ന ഈ ടീമിലൂടെയാണ് ഇപ്പോ ള്‍ റയല്‍ മാഡ്രിഡില്‍ പ്രഫഷനല്‍ താരങ്ങള്‍ പങ്കെടുക്കുന്ന 28 ദിവസത്തെ പരിശീലനത്തിനുള്ള അവസരം മണികണ്ഠനെ തേടിയെത്തിയിരിക്കുന്നത്. ജൂലൈയില്‍ മണികണ്ഠന്‍ സ്‌പെയിനിലേക്കു യാത്രതിരിക്കും.
Next Story

RELATED STORIES

Share it