Second edit

കുഞ്ഞുങ്ങളേ, മാപ്പ്‌

വിശ്വാസത്തെയും മതത്തെയും മറയാക്കി ചര്‍ച്ചുകളിലും അനാഥാലയങ്ങളിലും ദശകങ്ങളായി കുഞ്ഞുങ്ങളുടെ നേര്‍ക്ക് നടന്നുവരുന്ന ലൈംഗികാക്രമണങ്ങളോട് നീരസം പ്രകടിപ്പിച്ചുകൊണ്ട് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം നടത്തിയ ഖേദപ്രകടനം ഹൃദയസ്പൃക്കായിരുന്നു.
കുട്ടികളോടുള്ള ലൈംഗിക ചൂഷണം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ പൊതുമാപ്പപേക്ഷ: ''ഞങ്ങള്‍ക്കു പറ്റിയ തോല്‍വിയില്‍ കുഞ്ഞുങ്ങളേ, സോറി. വിശ്വാസത്താല്‍ വഞ്ചിതരായ പ്രിയ മാതാപിതാക്കളേ, സോറി. പഴയതും പുതിയതുമായ തലമുറകളേ, സോറി.'' ഇങ്ങനെ ഒരു രാഷ്ട്രത്തലവന്‍ ഒരു മാപ്പപേക്ഷ നടത്തണമെങ്കില്‍ ആ രാജ്യത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ലൈംഗിക ചൂഷണങ്ങളുടെ കടുപ്പം നമുക്ക് ഊഹിക്കാവുന്നതിലേറെയാണെന്നതില്‍ സംശയമില്ല. മോറിസണ്‍ പറഞ്ഞതുപോലെ അത് പൊറുക്കലിനു വേണ്ടിയുള്ള വെറുമൊരു ഖേദപ്രകടനമായിരുന്നില്ല. ഒരു ജനതയുടെ ആത്മാവിനെയാകമാനം തട്ടിയുണര്‍ത്തുന്നതായിരുന്നു.
രണ്ടു പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയില്‍ തനിക്കുള്ള വേദനയും ഉല്‍ക്കണ്ഠയും മറയില്ലാതെ പ്രകടിപ്പിക്കുന്നതായിരുന്നു മോറിസണിന്റെ വാക്കുകള്‍. ഇത് ആസ്‌ത്രേലിയയുടെ മാത്രം പ്രശ്‌നമല്ല. ലോകമൊട്ടാകെയുള്ള പ്രശ്‌നമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികര്‍ക്കിടയിലെ ലൈംഗിക അരാജകത്വത്തെ അഭിസംബോധന ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് മോറിസണിന്റെ വെളിപ്പെടുത്തലും മാപ്പപേക്ഷയും.

Next Story

RELATED STORIES

Share it