thiruvananthapuram local

എഴുപതുകാരിയുടെ സ്വത്ത് തിരിച്ചെടുക്കാന്‍ വനിതാ കമ്മീഷന്‍ സഹായം

തിരുവനന്തപുരം: പഴകിയതാണെങ്കിലും വൃത്തിയുളള മേല്‍മുണ്ട് ചുറ്റി തേഞ്ഞു പൊട്ടാറായ ചെരിപ്പും ധരിച്ച് വൃദ്ധനായ സഹോദരന്റെ കൈ പിടിച്ച് നടന്നു വരുന്ന എഴുപതുകാരിയിലായിരുന്നു വ്യാഴാഴ്ച്ച നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലെ  മുഴുവന്‍ കണ്ണുകളും.
സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പില്‍ തന്റെ പേരിലുളള പത്ത് സെന്റ് സ്ഥലവും വീടും സഹോദരിയുടെ മകന്‍ സ്വന്തം മകളുടെ പേരില്‍ എഴുതി വാങ്ങിയെന്ന പരാതിയുമായാണ് വാര്‍ധക്യം മറന്ന് അവര്‍ അദാലത്തില്‍ എത്തിയത്. ഇവരുടെ സ്ഥലം തിരിച്ചെടുക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ അംഗം ഇ.എം. രാധ നിര്‍ദ്ദേശം നല്‍കി. സഹോദരിയുടെ മകന്‍ സ്വത്ത് എഴുതി വാങ്ങിയതിനു ശേഷം താമസിച്ചിരുന്ന തന്റെ സ്വന്തം വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതിയില്‍ പറയുന്നു.
പകരമായി പണമൊന്നും നല്‍കിയില്ല. മക്കളില്ലാത്തതിനാല്‍ പോകാന്‍ മറ്റൊരിടമില്ലായിരുന്നു. നിവൃത്തിയില്ലാതെ അകലെയുളള സഹോദരനെ വിവരമറിയിച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ വനിതാ കമ്മീഷനിലെത്തുകയായിരുന്നു. എത്രയും വേഗം സ്ഥലം തിരിച്ച് ഇവരുടെ സ്വന്തം പേരിലേക്ക് മാറ്റുന്നതിന് വനിതാ കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്‍മേല്‍ പ്രതീക്ഷയോടെയാണ് എഴുപതു—കാരി തിരിച്ചു പോയത്. അയല്‍വാസികള്‍ തമ്മിലുളള വഴിതര്‍ക്കങ്ങളും അദാലത്തില്‍  ഒത്തുതീര്‍പ്പാക്കി. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ കോടതിയുടെ പരിഗണനക്ക് വിട്ടു. സംശയരോഗം കാരണവും അല്ലാതെയും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുളള തര്‍ക്കങ്ങളില്‍ കൗണ്‍സലിംഗ് നല്‍കാനും തീരുമാനമായി. ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 110 കേസുകള്‍ പരിഗണിച്ചു. 36 എണ്ണം ഒത്തുതീര്‍പ്പാക്കി.
Next Story

RELATED STORIES

Share it