Flash News

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ ; സ്ഥാപനങ്ങളിലെ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി



തിരുവനന്തപുരം: ഇറച്ചിക്കടകള്‍, മല്‍സ്യശാലകള്‍, പഴം-പച്ചക്കറി കടകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ മാലിന്യം സംസ്‌കരിക്കാന്‍ അതത് സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്ന് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തില്‍ സ്ഥലമില്ലെങ്കില്‍ ഉടമകളുടെ വീടുകളിലോ സ്ഥലം വാടകയ്‌ക്കെടുത്തോ സംവിധാനം ഒരുക്കണം. ആവശ്യമെങ്കില്‍ നിലവിലെ നിയമത്തില്‍ ഇതിനായി സര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരും. ഇതിനു മുമ്പ് വ്യാപാരികളുടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനായി നഗരസഭയില്‍ 500 ശുചീകരണ തൊഴിലാളികളെ കൂടി നിയമിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. പലയിടത്തും രാത്രിയിലാണ് മാലിന്യം തള്ളുന്നത്. ഇതു തടയാന്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. അധികം വൈകാതെ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കണമെന്നാണു സര്‍ക്കാരിന്റെ താല്‍പര്യം. ചില തദ്ദേശസ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ പരിസ്ഥിതിപ്രശ്‌നം ഉണ്ടാക്കില്ല. എങ്കിലും ചിലര്‍ എതിര്‍ക്കുന്ന സാഹചര്യമുണ്ട്. ആദ്യം ബ്ലോക്ക് അടിസ്ഥാനത്തില്‍ യൂനിറ്റുകള്‍ തുടങ്ങാനാണു തീരുമാനം. ഷ്രെഡ് ചെയ്യുന്ന പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറും. മാലിന്യസംസ്‌കരണത്തിന് ആധുനിക സംവിധാനത്തോടെയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനു തയ്യാറായി മുന്നോട്ടുവരുന്ന സ്വകാര്യ സംരംഭകര്‍ക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും. മാലിന്യം വലിച്ചെറിയുന്നത് തെരുവുനായശല്യത്തിന് പ്രധാന കാരണമാണ്. നായ വന്ധ്യംകരണ പദ്ധതി ശക്തിപ്പെടുത്താനാണു തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. കുടുംബശ്രീയെയാണ് ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് മാത്രമായി ഇതിന് സാധിക്കുന്നില്ലെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സേവനം പ്രയോജനപ്പെടുത്തും. പനിപ്രതിരോധത്തിന്റെ ഭാഗമായി 27 മുതല്‍ 29 വരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി നാളെ അടിയന്തര ഭരണസമിതി ചേരാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിക്കും. ഇതിലൂടെ ഉച്ചയ്ക്കു ശേഷവും ഒപി പ്രവര്‍ത്തിക്കും. പനിക്കാലം കഴിഞ്ഞാലും ഈ സംവിധാനം തുടരുമെന്ന് മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it