wayanad local

എട്ടു മാസത്തെ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ്; പ്രതിഷേധം ശക്തമായി

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ് ബില്ലിന്റെ ഭാഗമായി ഹെല്‍ത്ത് കെയര്‍ സ്‌കില്‍ സെക്ഷന്‍ കൗണ്‍സിലിന് കീഴില്‍ എട്ടുമാസം കൊണ്ട് മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിപ്പിക്കുന്നതിനുള്ള വിജ്ഞാപനം പ്രതിഷേധത്തിനിടയാക്കി. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നിലവിലുള്ളത്. ഇതിനു പുറമെ ഈ മേഖലയില്‍ നിരവധി അനധികൃത കോഴ്‌സുകളും നടന്നുവരുന്നു. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത വിജ്ഞാപനം മെഡിക്കല്‍ ലാബോറട്ടറി പ്രഫഷനുകളുടെയും വിദ്യാര്‍ഥികളുടെയും ഭാവി ആശങ്കയിലാഴ്ത്തുകയാണെന്നാണ് പരാതി. സര്‍ക്കാര്‍ അംഗീകാരത്തോടെ വിവിധ കോളജുകളില്‍ ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ വിജ്ഞാപനം. ഡിഎംഎല്‍ടി, ബിഎസ്‌സി എംഎല്‍ടി, എംഎസ്‌സി എംഎല്‍ടി കോഴ്‌സുകളില്‍ മെഡിക്കല്‍ കോളജുകളിലടക്കം മൂന്നും നാലും വര്‍ഷങ്ങള്‍ കൊണ്ട് ഇന്റേണ്‍ഷിപ്പും പ്രായോഗിക പരീക്ഷകളും തിയറി പരീക്ഷകളും അഭിമുഖീകരിച്ചാണ് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നത്. ഇവരുടെ നിലവാരവും എട്ടുമാസം കൊണ്ടും ആറുമാസം കൊണ്ടും പഠിച്ചിറങ്ങുന്നവരുടെ നിലവാരവും ആര്‍ക്കും തിരിച്ചറിയാം. രോഗിയുടെ തുടര്‍ചികില്‍സ സാധ്യമാവുന്നത് ലാബ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടു തന്നെ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നീഷ്യന്റെ നിലവാരത്തകര്‍ച്ച ആരോഗ്യമേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി 2010ല്‍ പ്രാബല്യത്തില്‍ വന്ന കേരള ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴിലുള്ള മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി വിദ്യാര്‍ഥികളുടെയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് കീഴിലുള്ള ഡിപ്ലോമ വിദ്യാര്‍ഥികളുടെയും ഭാവിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നയങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എട്ടുമാസം കൊണ്ട് പഠിച്ചിറങ്ങുന്ന വ്യക്തികള്‍ക്ക് അംഗീകാരം നല്‍കുന്നത് എച്ച്എസ്എസ്‌സി വഴിയാണ്. എന്നാല്‍, ഇത് ഇന്ത്യന്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ്. ഇവരുടെ സ്വാര്‍ഥലാഭത്തിനു കൂട്ടുനില്‍ക്കുന്നത് ആരോഗ്യമേഖലയുടെ തകര്‍ച്ചയ്ക്കു തന്നെ കാരണമാവും. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംഘടിക്കാനൊരുങ്ങുകയാണ് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍.
Next Story

RELATED STORIES

Share it