Kerala

ഉടുമ്പഞ്ചോല താലൂക്കില്‍ 28 വന്‍കിട കൈയേറ്റം; പട്ടികയില്‍ മന്ത്രി മണിയുടെ സഹോദരനും സിപിഎം നേതാവും

ഉടുമ്പഞ്ചോല താലൂക്കില്‍ 28 വന്‍കിട കൈയേറ്റം; പട്ടികയില്‍ മന്ത്രി മണിയുടെ സഹോദരനും സിപിഎം നേതാവും
X


സ്വന്തം പ്രതിനിധി

തൊടുപുഴ: ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ സംബന്ധിച്ചു ജില്ലാ ഭരണകൂടം തയ്യാറാക്കിയ ലിസ്റ്റില്‍ വൈദ്യുതിമന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരനും സിപിഎം നേതാവ് വി എക്‌സ് ആല്‍ബിനും. സ്പിരിറ്റ് ഇന്‍ ജീസസ് അധ്യക്ഷന്‍ ടോം സഖറിയയും വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ചില അംഗങ്ങളും ലിസ്റ്റിലുണ്ട്. സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മിറ്റി അംഗമാണ് വി എക്‌സ് ആല്‍ബിന്‍. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തിനു മുന്നോടിയായാണു കൈയേറ്റക്കാരുടെ പട്ടിക ഉണ്ടാക്കുന്നത്. ജില്ലാ കലക്ടറും ദേവികുളം സബ്കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇതിനായി പ്രവര്‍ത്തിക്കുകയാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 28 വന്‍കിട കൈയേറ്റക്കാരുണ്ട്. ഭൂരിപക്ഷവും ചിന്നക്കനാല്‍ വില്ലേജിലാണ്. 10 സെന്റിന് മുകളില്‍ ഭൂമി കൈയേറിയ വന്‍കിടക്കാരുടെ മാത്രം പട്ടികയാണിത്. ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ അംഗങ്ങളുടെ കൈയേറ്റം സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ മേഖലയിലെ കൈയേറ്റക്കാരുടെ പട്ടികയിലാണു ശാന്തന്‍പാറ ഏരിയാ കമ്മിറ്റി അംഗം വി എക്‌സ് ആല്‍ബിന്റെ പേരുമുള്ളത്. എം എം മണിയുടെ സഹോദരന്‍ ലംബോദരന്റെ പക്കല്‍ നിന്ന് ഒന്നാം മൂന്നാര്‍ ദൗത്യസംഘം പിടിച്ചെടുത്ത 250 ഏക്കറോളം ഭൂമിയെ കുറിച്ചും റിപോര്‍ട്ടില്‍ പറയുന്നു. ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ സൂര്യനെല്ലിയിലെ കൈയേറ്റത്തെക്കുറിച്ചും റവന്യൂ ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിട്ടുണ്ട്. ജോയ്‌സ് ജോര്‍ജ് എംപിയുടെ കൈവശമിരിക്കുന്ന ഭൂമിയുടേതടക്കം പല രേഖകളും റവന്യൂ ഉദേ്യാഗസ്ഥര്‍ നല്‍കിയിട്ടുള്ളതായാണു വിവരം. എട്ടു വില്ലേജുകളില്‍ എന്‍ഒസി ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചവരെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടിക്ക് യോഗ്യമായ കൈയേറ്റങ്ങളുടെ പട്ടികയാവും ഇന്നു വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷി യോഗത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടം സമര്‍പ്പിക്കുക. പട്ടികയിലെ വിവരങ്ങള്‍ പുറത്തുപോവാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. പട്ടിക പൂര്‍ണ രൂപത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മൂന്ന് ആഴ്ചത്തെ സമയംകൂടി അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it