Flash News

ഇസ്രായേല്‍ സേനയുടെ വെടിയേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ഗസാ സിറ്റി: ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഗസയിലെ ഐന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടര്‍ യാസിര്‍ മുര്‍തജയാണ് (30) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേര്‍ക്കുണ്ടായ ഇസ്രായേലി ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇതോടെ, ഗസയില്‍ ഒരാഴ്ചയിലധികമായി തുടരുന്ന ഇസ്രായേല്‍ സേനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി.
വെള്ളിയാഴ്ച ഇസ്രായേല്‍ സേനയുടെ ആക്രമണങ്ങളില്‍ ഒമ്പത് ഫലസ്തീന്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പില്‍ യാസര്‍ മുര്‍തജയടക്കം ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുര്‍തജ പരിക്കേറ്റുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരാണെന്നു രേഖപ്പെടുത്തിയ ജാക്കറ്റും ധരിച്ചാണ് മുര്‍തജ സ്ഥലത്തെത്തിയതെന്നു സഹപ്രവര്‍ത്തകനായ അബു അമാര പറഞ്ഞു. അതിര്‍ത്തി വേലിയില്‍ നിന്ന് 250 മീറ്ററോളം അകലെയാണ് തങ്ങള്‍ നിലയുറപ്പിച്ചിരുന്നത്. പ്രക്ഷോഭകര്‍ ടയറുകള്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പെട്ടെന്ന് ഇസ്രായേല്‍ സേന വെടിയുതിര്‍ക്കാന്‍ ആരംഭിക്കുകയായിരുന്നെന്ന് അദ്ദേഹം അറിയിച്ചു.
റോഡില്‍ ടയറുകള്‍ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്ത ഫലസ്തീനികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം.
കഴിഞ്ഞ മാസം 30ന് ഫലസ്തീന്‍ ഭൂമിദിന പ്രക്ഷോഭങ്ങള്‍ക്കു നേര്‍ക്കുള്ള ഇസ്രായേല്‍ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസ അതിര്‍ത്തിയില്‍ ഒരു ഫലസ്തീന്‍ കര്‍ഷകനേയും ഇസ്രായേല്‍ സേന കൊലപ്പെടുത്തിയിരുന്നു. 1600 പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയരുകയും ചെയ്തു. ഇതിനു പിറകേയാണ് വെള്ളിയാഴ്ച വീണ്ടും ഇസ്രായേല്‍ സേനയുടെ ആക്രമണം. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. 14 ഐസ് ഹോക്കി
താരങ്ങള്‍ മരിച്ചുഒട്ടാവ: കാനഡയില്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 കായികതാരങ്ങള്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോണ്‍ക്രോസ് ടീമിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ബസ്സില്‍ ഡ്രൈവറടക്കം 28 പേര്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 16നും 21നും മധ്യേ പ്രായമുള്ള 24 കളിക്കാരാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞദിവസം പ്രാദേശിക സമയം ഇന്നലെ വൈകിട്ട് അഞ്ചിന് ടിസ്‌ഡെ പട്ടണത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള കാര്‍ഷിക പ്രദേശത്തു വച്ചാണ് അപകടം. സംഘം സസ്‌കത്ചവാന്‍ ജൂനിയര്‍ ഹോക്കി ലീഗില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപകടത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനിയെന്താണ് സംഭവിക്കാന്‍ പോവുന്നതെന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും ചിന്തിക്കുന്നതിനേക്കാള്‍ വലിയ അപകടമാണ് നടന്നിരിക്കുന്നതെന്ന് ഹംബോള്‍ട്ട് ബ്രോണ്‍ക്രോസ് പ്രസിഡന്റ് കെവിന്‍ ഗാരിങ്കര്‍ അറിയിച്ചു. 1970ലാണ് ഹംബോള്‍ട്ട് ബ്രോണ്‍ക്രോസ് ടീം രൂപികരിച്ചത്.
Next Story

RELATED STORIES

Share it