ernakulam local

ഇന്നലെ മാത്രം 80,000 പേര്‍ സന്ദര്‍ശകരായി

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് തിരക്കേറുന്നു. ഇന്നലെ മാത്രം 80,000 പേര്‍ പുസ്തകമേള സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു.  മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെപ്പേര്‍ കൃതി സന്ദര്‍ശിച്ചതായും സംഘാടകര്‍ അറിയിച്ചു.
സ്റ്റാളുകള്‍ക്കിടയില്‍ ധാരാളം തുറന്ന സ്ഥലമിട്ടുള്ള രൂപകല്‍പ്പനയായതിനാല്‍ തിരക്കേറിയിട്ടും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. മറ്റെല്ലാ പ്രചാരണങ്ങള്‍ക്കുമുപരി ആളുകള്‍ തമ്മില്‍ പറഞ്ഞറിഞ്ഞാണ് കൂടുതല്‍ പേരുമെത്തുന്നത്. വന്നവര്‍ തന്നെ വീണ്ടും സന്ദര്‍ശിക്കുന്നതും കുറവല്ല.
പുസ്തകങ്ങളുടെ അന്തസ്സ് തിരിച്ചുപിടിച്ച മേളയെന്നാണ് എഴുത്തുകാരനായ വി. കെ. ആദര്‍ശ് മേളയെ വിശേഷിപ്പിച്ചത്. ചെറുകിട പ്രസാധകര്‍ക്ക് മികച്ച പ്രാധാന്യം ലഭിച്ചതും ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. മീനമാസത്തിലെ സൂര്യനെ ചെറുക്കാനെന്നതിലുപരി പുസ്തകങ്ങളോടുള്ള ആദരമെന്ന നിലയിലാണ് എക്‌സിബിഷന്‍ ഹാള്‍ പൂര്‍ണമായും ശീതികരിച്ചത്.
ഇതോടൊപ്പം ഒരു നിശ്ചിത ദിശയില്‍ മാത്രം നീങ്ങാന്‍ അനുവദിക്കുന്നതിനു പകരം സന്ദര്‍ശകര്‍ക്ക് അവരവര്‍ക്കിഷ്ടമുള്ളപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങാന്‍ കഴിയുന്നതും മേളയ്ക്ക് ആഗോള നിലവാരം നല്‍കുന്നു.
അഭൂതപൂര്‍വമായ സാംസ്‌കാരിക പരിപാടികളും മേളയെ ജീവസ്സുറ്റതാക്കുന്നു. പത്തു ദിവസവും വൈകീട്ട് നടക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കു പുറമെ ദിവസം തോറും വിവിധ വേദികളില്‍ പുസ്തകപ്രകാശനങ്ങള്‍, പുസ്തകവായനകള്‍, കാവ്യകേളി, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ബുക്ക് പിച്ചിംഗ് എന്നിവയും അരങ്ങേറുന്നു.
മലബാര്‍ പലഹാരങ്ങള്‍ മുതല്‍ രാമശ്ശേരി ഇഡലിയും ഷാപ്പുകറികളും വരെ വിളമ്പുന്ന ഫുഡ്‌ഫെസ്റ്റും കൃതിയെ ജനകീയമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it