Flash News

ആക്രമണം ശക്തം: ഗൂത്തയില്‍ കൂട്ട പലായനം

ആക്രമണം ശക്തം: ഗൂത്തയില്‍ കൂട്ട പലായനം
X
ദമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം വ്യോമാക്രമണം നടത്തുന്ന കിഴക്കന്‍ ഗൂത്തയില്‍ നിന്നും തുര്‍ക്കി ആക്രമണം നടത്തുന്ന അഫ്രിനില്‍ നിന്നും സിവിലിയന്‍മാരുടെ കൂട്ടപലായനം. ഇരുപ്രദേശങ്ങളില്‍ നിന്നുമായി ഇന്നലെ അരലക്ഷത്തോളം പേരാണ് പലായനം ചെയ്തത്. അഫ്രിനില്‍ നിന്ന് 30,000 പേരും കിഴക്കന്‍ ഗൂത്തയില്‍ നിന്ന് 20,000 പേരും കൂട്ട പലായനം ചെയ്തതായി സന്നദ്ധ സംഘടനകള്‍ അറിയിച്ചു. കിഴക്കന്‍ ഗൂത്തയിലെ ഹമൂറിയ്യ നഗരത്തില്‍ നിന്നു സിവിലിയന്‍മാര്‍ പൂര്‍ണമായും കുടിയൊഴിഞ്ഞതായാണ് റിപോര്‍ട്ട്. വ്യാഴാഴ്ച രാത്രി മുതല്‍ 1,30,000 പേര്‍ ഹമൂറിയ്യയില്‍ നിന്നു പലായനം ചെയ്തിട്ടുണ്ട്. ഹമൂറിയ്യ വളഞ്ഞ അസദ്  സൈന്യം അവിടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, ഹമൂറിയ്യ തിരിച്ചുപിടിച്ചതായി വിമതര്‍ അവകാശപ്പെട്ടു.



ഇന്നലെ ഭക്ഷ്യവസ്തുക്കളുമായെത്തിയ അഞ്ചു ട്രക്കുകളെ ദൗമയിലേക്ക് കടത്തിവിട്ടതായി ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസ് അറിയിച്ചു. കിഴക്കന്‍ ഗൂത്തയില്‍ ഒരു മാസത്തോളമായി തുടരുന്ന ആക്രമണത്തിനിടെ 1,250 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.അഫ്രിനില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നു സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. അഫ്രിനില്‍ തുര്‍ക്കി സൈന്യം യുഎസ് പിന്തുണയുള്ള കുര്‍ദ് വൈപിജി സായുധ സംഘങ്ങള്‍ക്കെതിരേ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വൈപിജി സായുധ പ്രവര്‍ത്തനം തങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു എന്നാണ് തുര്‍ക്കിയുടെ ആരോപണം. മേഖലയില്‍ അര്‍ധരാത്രി വ്യാപകമായ ഷെല്ലാക്രമണമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെട്ടതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. വിമത വിഭാഗത്തിന്റെ പിന്തുണയുള്ള തുര്‍ക്കി സൈന്യത്തിന് അഫ്രിനില്‍ കുര്‍ദ് വനിതാ പോരാളികളില്‍ നിന്നടക്കം  ചെറുത്തുനില്‍പ്പ് നേരിടുന്നതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അഫ്രിന്‍ പൂര്‍ണ നിയന്ത്രണത്തിലാക്കാതെ തുര്‍ക്കി സൈന്യം പിന്‍മാറില്ലെന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. സിറിയയിലെ ആഭ്യന്തര സംഘര്‍ഷം എട്ടു വര്‍ഷത്തിലേക്ക് കടന്നിരിക്കെ, 12 ദശലക്ഷം പേര്‍ പലായനം ചെയ്തതായാണ് കണക്ക്.
Next Story

RELATED STORIES

Share it