അസ്താനയുടെ സഹായി അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കൈക്കൂലിക്കേസില്‍ അസ്താനയുടെ കീഴിലുള്ള ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി എസ്പി ദേവേന്ദര്‍ കുമാര്‍ അറസ്റ്റില്‍. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ നിര്‍ദേശപ്രകാരമാണിത്.
ഹൈദരാബാദ് സ്വദേശിയായ വ്യവസായി സന സതീഷില്‍ നിന്ന് അദ്ദേഹത്തിനെതിരായ കേസ് ഒതുക്കുന്നതിന് അസ്താന മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. അസ്താനയായിരുന്നു ഈ കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഇതിന് സഹായിയായിരുന്നു ദേവേന്ദര്‍ കുമാര്‍. ദുബയ് ആസ്ഥാനമായുള്ള ബിസിനസ്സുകാരായ മനോജ് പ്രസാദ്, സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവര്‍ കൂടി പ്രതികളായ കേസാണിത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്.
ഗുജറാത്ത് കാഡര്‍ ഐപിഎസുകാരനായ അസ്താന മോദിയുടെ സ്വന്തക്കാരനായാണ് അറിയപ്പെടുന്നത്. അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ വിളിപ്പിച്ച് സിബിഐയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വസ്തുതയെന്തെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു. മാംസ കയറ്റുമതി വ്യവസായി മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് സന സതീഷ്. ഈ കേസാണ് അസ്താന അന്വേഷിക്കുന്നത്. കേസില്‍ സതീഷിനെ കൂട്ടുപ്രതിയാക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് അസ്താനയ്‌ക്കെതിരായ ആരോപണം.
കേസില്‍ അസ്താനയെ ഒന്നാംപ്രതിയാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ 2017 ഡിസംബര്‍ മുതലുള്ള 10 മാസത്തിനിടെ മൂന്ന് കോടി അസ്താനയ്ക്കു നല്‍കിയതായി സന സതീഷ് മൊഴി നല്‍കിയിരുന്നു. അസ്താനയെ പ്രതിചേര്‍ത്തതിന് പിന്നാലെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ 12ഓളം പരാതികളുമായി അസ്താന കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചിരുന്നു. മോയിന്‍ ഖുറേഷിക്കെതിരായ കേസ്, ഹരിയാനയിലെ ഭൂമിയിടപാട് കേസ്, സെന്റ് കിറ്റ്‌സില്‍ രണ്ട് ഇന്ത്യക്കാര്‍ പൗരത്വത്തിന് ശ്രമിച്ച കേസ് തുടങ്ങിയവ ഉള്‍െപ്പടെ 12 കേസുകളിലാണ് രാകേഷ് ശര്‍മയെ ഉള്‍പ്പെടുത്തി അസ്താന കാബിനറ്റ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയത്. മോയിന്‍ ഖുറേഷി കേസില്‍ നിന്ന് സന സതീഷിനെ രക്ഷിക്കാന്‍ അലോക് വര്‍മ രണ്ടു കോടി കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയുടെ ആരോപണം.
അയാള്‍ക്കെതിരായ കേസ് അട്ടിമറിക്കാനാണ് ഇതെന്നും അസ്താന ആരോപിച്ചിരുന്നു. അതോടൊപ്പം തന്റെ ജോലിയില്‍ അലോക് വര്‍മ ഇടപെടുന്നുവെന്നും അസ്താന ആരോപിച്ചിരുന്നു. ഇതിനിടെയാണ് അസ്താനയുടെ സ്വന്തക്കാരന്‍ കൂടിയായ ഉദ്യോഗസ്ഥന്‍ ഇന്നലെ അറസ്റ്റിലായിരിക്കുന്നത്.

Next Story

RELATED STORIES

Share it