Kollam Local

അപകടാവസ്ഥയിലായ തലവൂര്‍ വില്ലേജ് ഓഫിസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നു

പത്തനാപുരം:കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായ തലവൂര്‍ വില്ലേജ് ഓഫിസിന് താല്‍ക്കാലിക ആശ്വാസം. തലവൂര്‍ ദേവസ്വത്തിന്റെ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ഉടന്‍ മാറ്റുമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
വില്ലേജ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മൂന്ന് നിലകളോടു കൂടിയ കെട്ടിടം നിര്‍മിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷനുമായി ചര്‍ച്ച നടത്തിയട്ടുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഫണ്ട് ലഭിച്ചില്ലെങ്കില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബാങ്കിന് സമീപമുള്ള കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് സൗജന്യമായി പ്രവര്‍ത്തിക്കുവാന്‍ തലവൂര്‍ ദേവസ്വം അനുമതി നല്‍കിയട്ടുണ്ട്. ഒരാഴ്ചക്കുളളില്‍ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം.നിലവില്‍ ജീവന്‍ പണയം വച്ചാണ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന നാട്ടുകാരും കെട്ടിടത്തില്‍ കയറുന്നത്.പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ തകര്‍ച്ച പരിഹരിക്കുകയോ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയോ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വേനല്‍ മഴകൂടി ആയതോടെ ഓടിട്ട കെട്ടിടത്തിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.മഴപെയ്യുമ്പോള്‍ ഫയലുകളും രേഖകളും നനയാതെ സൂക്ഷിക്കാന്‍ പെടാപ്പാടുപെടുകയാണ് ഉദ്യോഗസ്ഥര്‍. താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകും .
Next Story

RELATED STORIES

Share it